
അമ്പലപ്പുഴ: മരുമകളുടെ ആദ്യഭർത്താവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് വെളിയിൽ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്നയാണ് (68) മരിച്ചത്. സംഭവത്തിൽ പിടിയിലായ വാടയ്ക്കൽ കയറ്റുകാരൻ പറമ്പിൽ സുധിയപ്പൻ റിമാൻഡിലാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് പ്രസന്നയുടെ മകൻ വിനീഷിന്റെ ഭാര്യ സിത്താരയുടെ ആദ്യഭർത്താവായ സുധിയപ്പൻ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയത്. പ്രസന്നയെയും വിനീഷിനെയും കൈയിൽ കരുതിയിരുന്ന കമ്പിവടിയ്ക്ക് തലയ്ക്കടിക്കുകയും ചെയ്തു. ബഹളത്തിനിടയിൽ സുധിയപ്പനും നിസാര പരിക്കേറ്റു. വിവരമറിഞ്ഞ് പുന്നപ്ര പൊലീസെത്തിയാണ് മൂവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പ്രസന്ന ഇന്നലെ വൈകിട്ടോടെ മരിച്ചു. സുധിയപ്പനെ വധശ്രമത്തിന് കേസെടുത്ത് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ കൊലപാതകക്കുറ്റം കൂടി ചുമത്തി. സിത്താര ഒരു മാസം മുമ്പാണ് സുധിയപ്പനെ ഉപേക്ഷിച്ച് വിനീഷിനൊപ്പം ഇറങ്ങിപ്പോന്നത്. മക്കൾ രണ്ടു പേരും സുധിയപ്പനൊപ്പമായിരുന്നു. ഇതിനുശേഷം ഇടയ്ക്കിടെ സുധിയപ്പൻ വിനീഷിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു. പ്രസന്നയുടെ മറ്റ് മക്കൾ: വിനിത, വിനോദ്. മരുമക്കൾ: സുചിത്ര, സനൽ, സിത്താര.