
ആലപ്പുഴ: കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനുമായി ധാരണാപത്രം ഒപ്പിട്ടു. വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായി പുത്തൻ ഡിസൈനുകളിൽ കയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ് ധാരണയായത്. ഉത്പന്നങ്ങളുടെ ഡിസൈനും കയറും മറ്റ് അനുബന്ധ നിർമ്മാണ വസ്തുക്കളും സാങ്കേതികവിദ്യയും ഉൾപ്പെടുന്ന എല്ലാ സഹായവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ ഭോപ്പാലിൽ നിന്ന് ലഭിക്കും. കയർ കോർപ്പറേഷന്റെ ട്രെയിനിംഗ് പ്രോഗ്രാമിന്റെ കരിക്കുലവുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിലും സഹകരണമുണ്ടാകും.
തിരുവനന്തപുരത്ത് മന്ത്രി പി.രാജീവിന്റെ സാന്നിദ്ധ്യത്തിൽ ഓൺലൈനായി നടന്ന ചടങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ ഡയറക്ടർ പ്രൊഫ. ധീരജ്കുമാറിന് കയർ കോർപ്പറേഷൻ ജനറൽ മാനേജർ എൻ.സുനുരാജ് ധാരണാപത്രം കൈമാറി. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി.പണിക്കർ, കയർ വികസന ഡയറക്ടർ ആനി ജൂലാ തോമസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ ഭോപ്പാൽ രജിസ്ട്രാർ നീരജ് തില്യാനി എന്നിവർ സന്നിഹിതരായിരുന്നു.
എൻ.ഐ.ഡി ഭോപ്പാലിൽ നിന്ന് രണ്ട് ഇന്റേൺസിനെ മുഴുവൻ സമയവും കയർ കോർപ്പറേഷനിൽ ലഭ്യമാക്കാനും ധാരണയായി. ആവശ്യമെങ്കിൽ എൻ.ഐ.ഡിയുടെ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കേരളത്തിലെത്തി പരിശീലനം നൽകും.
തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്കും സ്വകാര്യമേഖലയിലുള്ളവർക്കും ആവശ്യമായ സഹായം നൽകും. കയർ രംഗത്ത് നൂതന ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും കയർ അനുബന്ധ വസ്തുക്കൾ കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാൻ സഹായിക്കുമെന്നും കയർ രംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ ജി.വേണുഗോപാലും മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി.പണിക്കറും പറഞ്ഞു.