
മാന്നാർ: ചെന്നിത്തല പുഞ്ച നാലാം ബ്ലോക്കിൽ നിലമൊരുക്കുന്നതിനിടയിൽ ട്രാക്ടർ മറിഞ്ഞു പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളി മരിച്ചു. മാൾഡാ ജില്ലയിൽ റട്ട്‌വാ ബാറ്റ്നാ ബോംപാൽ സ്വദേശി ഇക്രമുൽ ഹക്ക് (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നാലാം ബ്ളോക്കിൽ കൈതകണ്ടം പാടത്ത് നിലം ഉഴുന്നതിനിടയിൽ ട്രാക്ടറിന്റെ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞ് ചരിഞ്ഞപ്പോൾ, ഓടിച്ചിരുന്ന ഇക്രമുൽ ഹക്ക് തലകുത്തി ചെളിയിലേക്ക് വീണ് താഴ്ന്ന് പോവുകയും ഇയാളുടെ മുകളിലേക്ക് ട്രാക്ടർ വീഴുകയുമായിരുന്നു. സമീപ പാടങ്ങളിൽ ഉണ്ടായിരുന്ന ട്രാക്ടർ ഡ്രൈവർമാരും മറ്റ് തൊഴിലാളികളും എത്തി ട്രാക്ടർ ഉയർത്തി ഇക്രമുലിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാവേലിക്കര ജില്ലാ ആശുപതി മോർച്ചറിയിലേക്ക് മാറ്റി.