a

മാവേലിക്കര: ധനകാര്യ സ്ഥാപനത്തി​ൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുൻ ഹണിട്രാപ്പ് കേസ് പ്രതി അറസ്റ്റിലായി. തൃശ്ശൂർ വാടാനപ്പളളി രായംമരയ്ക്കാർ വീട്ടിൽ സജീറിന്റെ ഭാര്യ സോന എന്നു വിളിക്കുന്ന റുക്സാന ഭാഗ്യവതി (38) യാണ് പിടിയിലായത്. ഫെബ്രുവരി​യി​ൽ മാവേലിക്കരയിലുളള ധനകാര്യ സ്ഥാപനത്തിൽ നിന്നുമാണ് റുക്സാനയും സംഘവും പണം തട്ടി​യെടുത്തത്. ഒന്നാം പ്രതിയായ മാവേലിക്കര തഴക്കര കോലേഴത്തു വീട്ടിൽ സുധീഷിനേയും (43) റുക്സാനയുടെ ഭർത്താവായ സജീറിനെയും ഈ കേസി​ൽ നേരത്തേ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിൽ കഴിയുകയായിരുന്ന റുക്സാനയെ കണ്ടെത്തുന്നതിന് ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചി​രുന്നു. എസ്.ഐ എബി.എം.എസ്, എ.എസ്.ഐ സജുമോൾ എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസറായ റുക്സർ എന്നിവരടങ്ങിയ സംഘമാണ് തൃശൂർ വടക്കാഞ്ചേരിയിൽ നിന്ന് റുക്സാനയെ പി​ടി​കൂടി​യത്. സംസ്ഥാനത്തുടനീളം സമാനമായ തട്ടിപ്പു കേസുകൾ നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റുക്സാനയെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതി​യെ റി​മാൻഡ് ചെയ്തു. കൊച്ചി​യി​ൽ നേരത്തേ ഹണി​ട്രാപ് കേസി​ൽ പി​ടി​ക്കപ്പെട്ടി​ട്ടുള്ളയാളാണ് റുക്സാന.