ചേർത്തല: വയലാർ പഞ്ചായത്തിൽ ആറ് കുടുംബങ്ങൾക്ക് അനുവദിച്ച പൊതുവഴി അടച്ചുകെട്ടിയെന്ന് പരാതി. വയലാർ പഞ്ചായത്തിൽ 6–ാം വാർഡിൽ കെ.ആർ ജംഗ്ഷനു സമീപം വർഷങ്ങൾക്ക് മുമ്പ് ആറ്കുടുംബങ്ങൾക്ക് അനുവദിച്ച് നൽകിയ മൂന്നുമീ​റ്റർ വഴിയും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നടപ്പാതയുമാണ് സാമുദായിക സംഘടനയുടെ പേരിൽ ഒരുവിഭാഗം അടച്ചുകെട്ടിയിരിക്കുന്നത്. 2013-2015 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നടപാതയാണ് കെട്ടിയടച്ചത്. മുഖ്യമന്ത്റിയ്ക്കും കളക്ടർക്കും പ്രദേശവാസികൾ പരാതി നൽകി.
മുൻപ് ഓട്ടോറിക്ഷയും മ​റ്റും പോകുമായിരുന്ന വഴിയിൽ റോഡിൽ നിന്ന് പ്രവേശിക്കുന്ന ഒന്നര മീ​റ്ററോളം ഭാഗത്ത് വേലികെട്ടി അടച്ചതോടെ ആറ് കുടുംബങ്ങളിലുള്ളവർക്ക് ആശുപത്രി ആവശ്യങ്ങൾ വരുമ്പോൾ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വഴി അടച്ചതോടെ രോഗികളെ ഉൾപ്പെടെ ചുമന്ന് റോഡിൽ എത്തിക്കേണ്ട സ്ഥിതിയാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും സമുദായ സംഘടനയെ ഭയന്ന് നടപടിയുണ്ടാകുന്നില്ലെന്നും കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.കെട്ടിയടച്ച പൊതു വഴി പഞ്ചായത്ത് ഇടപെട്ട് പുനർ നിർമ്മിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശ വാസികൾ.