
മാന്നാർ : മദ്യപിച്ച് ഭാര്യയെ മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവ് പിടിയിലായി. കൊല്ലം കുളത്തൂർ കരിക്കകം സന്തോഷ് ഭവനത്തിൽ ഷൈനുവിനെ (രതീഷ്, 39) ആണ് മാന്നാർ പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യയായ തൃപ്പെരുന്തുറ കൊറ്റോട്ടുകാവിൽ രാജിയെ വധിക്കാനുള്ള ശ്രമത്തിനെതിരെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. തിങ്കൾ രാത്രി 10.30നാണ് സംഭവം. മാവേലിക്കര എഫ് സി ഐ ഗോഡൗണിലെ തൊഴിലാളിയായ ഷൈനു കാറിൽ മദ്യവുമായി വീട്ടിലെത്തിയത് രാജി ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി ക്രൂരമായി മർദ്ദിച്ചു. ബഹളം കേട്ട് പരിസരവാസികളും ബന്ധുക്കളും എത്തിയപ്പോൾ വെട്ടുകത്തിയും ഹുക്കുമായി ഇവർക്ക് നേരെ അടുത്തു. വെട്ടുകത്തി രാജിയുടെ കഴുത്തിൽവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞത്തിയ പൊലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തി വെട്ടുകത്തിയും ഹുക്കും വീട്ടിൽ നിന്നും കണ്ടെടുത്തു. മാന്നാർ എസ്.എച്ച്.ഒ ജോസ് മാത്യു, എസ്.ഐ സി.എസ് അഭിരാം, എ.എസ്.ഐമാരായ ജി.മധുസൂദനൻ, മോഹൻദാസ്, ശ്രീകുമാർ, ഷിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.