ആലപ്പുഴ: ബീച്ചിൽ അത്ഭുതക്കാഴ്ചകൾ തുറക്കുന്ന അണ്ടർ വാട്ടർ ടണൽ അക്വേറിയം സന്ദർശിക്കാൻ എത്തുന്നവരുടെ തിരക്ക് വർദ്ധിച്ചു. ഇറക്കുമതി ചെയ്ത ,ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണ്ടർ വാട്ടർ ടണൽ അക്വേറിയമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രദർശനം 15ന് സമാപിക്കും. ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിനടിയിലൂടെ നടന്ന് ചില്ല് ജാലകത്തിലൂടെ കാഴ്ചകൾ കാണാം. പത്ത് കോടി രൂപ ചെലവഴിച്ച് ഡി.ക്യു.എഫ് ഒരുക്കുന്ന മറൈൻ വേൾഡ് - അണ്ടർ വാട്ടർ ടണൽ കടപ്പുറത്ത് മൂന്ന് ഏക്കറോളം വരുന്ന പ്രദേശത്താണ് ഒരുക്കിയിട്ടുള്ളത്. കടലിലെ ചെകുത്താൻ എന്ന് അറിയപ്പെടുന്ന ആംഗ്ളർ ഫിഷും മത്സ്യങ്ങളുടെ പ്രണയവും വ്യത്യസ്ത കാഴ്ചകളാണ്.
തുറക്കുന്നത് മായാലോകം
ആംഗ്ലർഫിഷിന്റെ രൂപത്തിലാണ് പ്രവേശന കവാടം. ഇത് കടന്നാൽ ആദ്യം കാണുക ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള വിശാലമായ പവലിയനിൽ മൃഗങ്ങളുടെ ഉൾപ്പെടെ മൂന്ന് തലത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള കാഴ്ചകളാണ്. തുടർന്ന് പിരാന, അബാബ ഉൾപ്പടെ 25,000ൽ അധികം വിവിധയിനം മത്സ്യങ്ങളെ കാണാം . ഇതിനോട് ചേർന്ന് വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഉപകരണങ്ങളും വാങ്ങാനും രുചികരമായ ഭക്ഷണം കഴിക്കാനുമുള്ള സൗകര്യവും ഗാർഡനുമുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള 10 അമ്യൂസ്മെന്റ് റൈഡറുകളുമുണ്ട്. മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിലേക്കുള്ള പ്രവേശന കവാടവും എൻട്രി പാസ് വിതരണവും ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള കപ്പലിന്റെ ഭാഗത്താണെന്ന് എം.ഡി ഫയാസ് റഹ്മാൻ, രഞ്ജിത്ത് കല്ലാഴി, ജനറൽ മാനേജർ ടി.സന്തോഷ് എന്നിവർ അറിയിച്ചു.
സന്ദർശന സമയം
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9.30 വരെയും അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം. അഞ്ച് വയസിന് മുകളിലുള്ളവർക്കുള്ള പ്രവേശന ഫീസ് 120 രൂപ. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. സ്‌കൂളുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം തുക നൽകിയാൽ മതി.