ആലപ്പുഴ: രണ്ടാം കൃഷിയുടെ വിളവെടുപ്പ് അവസാനഘട്ടത്തിലായിട്ടും സംഭരിച്ച നെല്ലിന്റെ വില ഇനിയും പൂർണ്ണമായും വിതരണം ചെയ്യാത്തത് പുഞ്ചകൃഷിക്ക് തയ്യാറെടുക്കുന്ന കർഷകരെ ആശങ്കപ്പെടുത്തുന്നു. ജില്ലയിൽ 36458.68 ടൺ നെല്ലാണ് ഇതിനോടകം സംഭരിച്ചത്. സംഭരിച്ച നെല്ലിന്റെ വിലയുടെ 50 ശതമാനം പോലും കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
9228 ഹെക്ടറിലാണ് ഇക്കുറി രണ്ടാംകൃഷി ഇറക്കിയത്. താമസിച്ച് വിളവിറക്കിയ പാടങ്ങളിൽ മാത്രമാണ് ഇനി വിളവെടുപ്പ് നടക്കാനുള്ളത്. സംഭരണ വിലയ്ക്കായി സപ്ലൈകോ 97.85 കോടിക്കുള്ള പേ ഓർഡർ നൽകിയെന്നാണറിയുന്നത്. എന്നാൽ ഈ തുക കർഷകരുടെ അക്കൗണ്ടിൽ എത്താൻ ഇനിയും വൈകും. രണ്ടാം കൃഷിയെക്കാൾ മൂന്നിരട്ടി പ്രദേശത്താണ് പുഞ്ചകൃഷി ഇറക്കുന്നത്. ജില്ലയിൽ പുഞ്ചക്കൃഷി 70ദിവസം പിന്നിട്ട പാടങ്ങളുണ്ട്. ഇതോടെ സംഭരണത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നരമാസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കും.
രണ്ടാം കൃഷി
കൃഷിയിറക്കിയത് : 9228 ഹെക്ടറിൽ
സംഭരിച്ച നെല്ല് : 36458.68 ടൺ
നൽകേണ്ട വില : 108.13 കോടി
ഇതുവരെ നൽകിയത്: 48.83 കോടി