f

കൊല്ലം: സാരംഗിനെ കാണണം. പറ്റുമെങ്കിൽ അവന്റെ പാട്ടും കേൾക്കണം. മയ്യനാട് നിന്ന് കൊല്ലം ടൗണിലേക്ക് ജലജാവിജയൻ ഇന്നലെ രാവിലെ വണ്ടികയറി. കലോത്സവ വേദികളിൽ പാഞ്ഞുനടന്ന് ഒടുവിൽ കണ്ടെത്തി. വാരിപ്പുണർന്നു. സാരംഗി സ്വരം പോലൊരു മധുര നിമിഷം.

മയ്യനാട് മണ്ണാനഴികം വീട്ടിൽ ജലജ കോഴിക്കോട്ടുകാരൻ സാരംഗിനെ മുമ്പ് നേരിൽ കണ്ടിട്ടില്ല. സംസാരിച്ചിട്ടുമില്ല. യു ട്യൂബിലെ പാട്ടുകളാണ് അവനെ മനസിലേക്ക് അടുപ്പിച്ചത്. കൊച്ചുമകന്റെ രൂപസാദൃശ്യവും സാരംഗിനുണ്ട്. സ്വന്തം നാട്ടിൽ അവനെത്തുമ്പോൾ കാണാതിരിക്കാനാവുമോ...

ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ തിരക്കിയപ്പോഴറിഞ്ഞു ലളിതഗാനം നടക്കുന്ന സെന്റ് അലോഷ്യസ് സ്കൂളിൽ സാരംഗുണ്ടെന്ന്. ഓട്ടോ പിടിച്ച് നേരേ അങ്ങോട്ട്. അപ്പോഴേക്കും മത്സരം പൂർത്തിയാക്കി സാരംഗ് അഷ്ടപദിക്കായി പോയിരുന്നു.

സങ്കടം ഉള്ളിലൊതുക്കി. വേദിയിൽ നിന്ന് സാരംഗിന്റെ പിതാവിന്റെ മൊബൈൽ നമ്പർ വാങ്ങി. ഓട്ടോ ജവഹർ ബാലഭവനിലെ അഷ്ടപദി വേദിയിലേക്ക് പാഞ്ഞു. ഇതിനിടെ പിതാവിനെ വിളിച്ച് കാര്യം പറഞ്ഞു.

മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സാരംഗ്. സദസിന്റെ മൂലയ്ക്ക് നിന്ന് കൺനിറയെ കണ്ടു. അഷ്ടപദി കേട്ടു. മത്സരം കഴിഞ്ഞിറങ്ങിയ കുട്ടിത്താരത്തെ കെട്ടിപിടിച്ച് ഉമ്മവച്ചു. ഇതിനിടെ റിസൾട്ടും വന്നു. അഷ്ടപദിക്കും ലളിതഗാനത്തിനും എ ഗ്രേഡ്. യാത്രപറഞ്ഞ് നിറമനസ്സോട് ജലജ വീട്ടിലേക്ക്...

കോഴിക്കോട് മേമുണ്ട എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരനാണ് സാരംഗ് (12). ജയരാജ് സംവിധാനം ചെയ്‌ത പ്രമദവനം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കയാണ്. അച്ഛൻ രാജീവും ഗായകൻ. ഷെറീനയാണ് മാതാവ്.

കൊവിഡ് കാലത്ത് സാരംഗും അച്ഛനും ചേർന്ന് ആലപിച്ച അതിജീവന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായി. തുടർന്ന് സാരംഗ് രാജീവൻ എന്ന യൂ ടൂബ് ചാനൽ തുടങ്ങി. അതും ഹിറ്റ്. ചാനൽ വഴിയാണ് ഗാനങ്ങളും വിശേഷങ്ങളും സാരംഗ് പങ്കുവയ്ക്കുന്നത്.

അതിജീവനത്തിന്റെ

പാട്ടുകാരൻ

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു സാരംഗിന്റെ ജനനം. അതും മാസം തികയാതെ. ചില പ്രശ്നങ്ങൾ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. എന്നാൽ പ്രായത്തിനൊത്ത് ശരീരം വളർന്നില്ല. വിടാതെ രോഗങ്ങൾ. സങ്കടങ്ങൾ നിറഞ്ഞ വീട്ടിൽ അവന്റെ പാട്ടായി ആശ്വാസം. അച്ഛന്റെ സഹോദരിയുടെ മകളാണ് ചാനൽ ഫെയിം ശ്വേത അശോക്. ശ്വേത പഠിപ്പിച്ച ലളിതഗാനമാണ് മത്സരത്തിന് തിരഞ്ഞെടുത്തത്.