ആലപ്പുഴ: മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളലിൽ പങ്കെടുക്കാൻ തങ്കത്തിടമ്പുമായുള്ള അമ്പലപ്പുഴ സംഘത്തിന്റെ രഥയാത്ര 7ന് രാവിലെ 7.30ന് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നാരംഭിക്കും.

വിവിധ കരകളിലെ കരപ്പെരിയോൻമാരുടെ കാർമ്മികത്വത്തിൽ ശനിയാഴ്ച രാത്രിയിൽ ഇരുമുടിക്കെട്ട് നിറച്ച് സ്വാമിഭക്തർ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും. ഞായറാഴ്ച രാവിലെ ചുറ്റുവിളക്കുകൾ തെളിയിച്ച് പ്രത്യേക വഴിപാടുകൾ നടത്തി യാത്ര ആരംഭിക്കും. പ്രഭാത ശീവേലിക്കുശേഷം കിഴക്കേനടയിൽ മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പൂജിച്ച തിടമ്പ് സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളക്ക് കൈമാറും.

24 ആഴിപൂജകളും അമ്പലപ്പുഴ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി 51 ദിവസത്തെ അന്നദാനവും പൂർത്തിയാക്കിയാണ് സംഘം യാത്ര തിരിക്കുന്നത്. അമ്പലപ്പുഴയിലെ വിവിധക്ഷേത്രങ്ങൾ ദർശിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി മല്ലശേരി മഹാദേവ ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനുശേഷം തകഴി ശ്രീധർമ്മശാസ്‌താക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാം ദിവസം തകഴിക്ഷേത്രത്തിൽ നിന്ന് യാത്ര ആരംഭിച്ച് ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്‌താക്ഷേത്രത്തിലെ ഉച്ചഭക്ഷണ ശേഷം കവിയൂർ ക്ഷേത്രത്തിൽ വിശ്രമിക്കും. മൂന്നാം ദിവസം കവിയൂർ ക്ഷേത്രത്തിൽ നിന്നും യാത്ര ആരംഭിച്ച് ആളി തിരുമാലിട ശിവ പാർവ്വതീ ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനു ശേഷം മണിമലക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. 10 ന് മണിമലക്കാവ് ക്ഷേത്രത്തിലെ ആഴിപൂജക്കുശേഷം എരുമേലിയിലേക്ക് തിരിക്കും.

പേട്ടതുള്ളൽ 12ന്

11ന് ഉച്ചയോടെ എരുമേലിയിൽ എത്തുന്ന സംഘത്തെ എരുമേലി ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം ഭാരവാഹികളും വാവർ പള്ളി ഭാരവാഹികളും സ്വീകരിക്കും. 12നാണ് പേട്ട തുള്ളൽ. രാവി​ലെ

പേട്ടപ്പണം വയ്ക്കൽ ചടങ്ങിനു ശേഷം സംഘം എരുമേലി ചെറിയമ്പലത്തിലേക്കു നീങ്ങി പേട്ടതുള്ളലിനുള്ള തയ്യാറെടുപ്പുകൾ നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ പാർത്ഥ സാരഥിയുടെ സാന്നിദ്ധ്യമറിയിച്ച് മാനത്ത് കൃഷ്‌ണപ്പരുന്ത് വട്ടമിടുന്നതോടെ ദർശിക്കുന്നതോടെ വലിയമ്പലത്തിൽ പൂജ ചെയ്‌ത തിടമ്പു ആനപ്പുറത്തേറ്റി വാദ്യമേളങ്ങളോടെ പേട്ടതുള്ളൽ ആരംഭിക്കും. 14 ന് പമ്പ സദ്യ നടത്തി മല കയറുന്ന സംഘത്തിന് മരക്കൂട്ടത്തുവച്ച് വരി നിൽക്കാതെ പടികയറുന്നതിനും ദർശനത്തിനും ദേവസ്വം ബോർഡ് ക്രമീകരണമൊരുക്കിയിട്ടുണ്ട്.

18 ന് വൈകിട്ട് മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും പതിനെട്ടാം പടിയിലേക്ക് എഴുന്നള്ളത്തും തുടർന്ന് പടിയിൽ കർപ്പൂരാരതിയും നടത്തി തിരുവാഭരണം ചാർത്തിയ വിഗ്രഹം ദർശിച്ച് സംഘം മലയിറങ്ങും.