സജിയുടെ വിമർശനത്തിൽ തെറ്റില്ല, ഭാഷ പ്രധാനമാണ്

ആലപ്പുഴ: ബിഷപ്പുമാർ വിരുന്നിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും വിരുന്ന് കഴിഞ്ഞെങ്കിലും വിചാരധാര വായിക്കേണ്ടതായിരുന്നെന്നും ശത്രുക്കളാരെന്ന് അതിൽ പറയുന്നുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. മന്ത്രി സജിചെറിയാന്റെ വിമർശനം തെറ്റല്ല. പക്ഷേ,​ ഭാഷപ്രധാനമാണെന്നും വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

തൃശൂരിന് പകരം മോദി പോകേണ്ടിയിരുന്നത് മണിപ്പൂരിലായിരുന്നു. അവിടുത്തെ സ്ത്രീകളോട് മാപ്പുപറയുന്നതിന് പകരം നാടകമാണ് അദ്ദേഹം നടത്തുന്നത്. നരേന്ദ്ര മോദിയുടെ ഗ്യാരന്റി എന്നത് ഹിറ്റ്ലർ സ്റ്റൈലാണ്.
മോദിയുടെ ആശയങ്ങൾ ഫാസിസത്തിന്റെ ഇന്ത്യൻ പ്രതീകമാണ്. ഉലകം ചുറ്റും വാലിബനായ മോദി മണിപ്പൂരിൽ പോകാൻ തയ്യാറാകണം. സ്ത്രീകൾ നഗ്നരായി തെരുവിലൂടെ നടത്തപ്പെട്ടപ്പോൾ ഒരു വാക്ക് പറയാൻ സാധിക്കാത്തതിൽ പ്രധാനമന്ത്രി മാപ്പ് പറയണം. സ്‌ത്രീകളുടെ മാനം കാക്കാൻ കഴിയാത്ത പ്രധാനമന്ത്രി വെറും നാടകക്കാരനായി മാറിയതായും അദ്ദേഹം പറഞ്ഞു.

മോദിക്ക് കേരളത്തെ അറിയില്ല. അത് പറഞ്ഞു കൊടുക്കാൻ പറ്റിയ ആരും ഇവിടെയില്ല.മോദി പറയുന്ന ഹിന്ദുത്വത്തിന് യഥാർത്ഥ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

മന്ത്രി പി. പ്രസാദ് , സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ്, നേതാക്കളായ പി.വി സത്യനേശൻ, എസ്.സോളമൻ, ടി.ടി ജിസ്‌മോൻ,ജി.കൃഷ്ണപ്രസാദ്‌, വി.മോഹൻദാസ്, ദീപ്‌തി അജയകുമാർ തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.