
മാന്നാർ : ബുധനൂർ - മാന്നാർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കുട്ടംപേരൂർ ആറിന് കുറുകെയുള്ള തൂമ്പിനാൽ കടവ് ആംബുലൻസ് പാലത്തിലുണ്ടായ വിള്ളൽ നാട്ടുകാരെ ഭീതിയിലാക്കുന്നു. പാലത്തിന്റെ പടിഞ്ഞാറ് പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്താണ് വലിയ വിള്ളൽ രൂപപ്പെട്ടത്. ദിവസേന വിദ്യാർത്ഥികൾ അടക്കം നിരവധിയാളുകൾ ഇരുചക്ര വാഹനങ്ങളിലും കാൽനടയായും ഈ പാലത്തിലൂടെ കടന്നു പോകുന്നുണ്ട്. രാത്രികാലങ്ങളിൽ ഇരുട്ടിലാണ്ട പാലത്തിലൂടെ സഞ്ചരിക്കുന്നവർ വിള്ളലുണ്ടായ ഭാഗത്ത് വീണ് അപകടം ഉണ്ടാകുവാൻ സാദ്ധ്യത ഏറെയാണ്. മഴ പെയ്യുന്നതോടെ ഈ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണ് ഒലിച്ച് പോകുമെന്നതിനാൽ പാലത്തിന്റെ നിലനിൽപിന് തന്നെ ഭീഷണിയാകുമെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥയിലായ പാലം പൊളിച്ച് പണിയണമെന്ന് നാട്ടുകാർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
പാലത്തിന് 15 വർഷം പഴക്കം
ബുധനൂർ കടമ്പൂർ ഭാഗത്ത് നിന്ന് എളുപ്പത്തിൽ മാന്നാറിലേക്കെത്താൻ കഴിയുന്ന ഈ ആംബുലൻസ് പാലത്തിന് 15വർഷത്തോളം പഴക്കമുണ്ട്. 2018ലെ പ്രളയത്തിൽ ഈ പാലം ഭാഗികമായി തകർന്ന് ആറ്റിൽ പതിച്ചതിനെ തുടർന്ന് പുനർ നിർമ്മാണത്തിന് അന്ന് മുന്നിട്ടിറങ്ങിയത് ബുധനൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. കുട്ടംപേരൂർ ആറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആംബുലൻസ് പാലം പൊളിച്ചു മാറ്റി വീതികൂടിയ പുതിയ പാലം നിർമ്മിക്കുന്നതിന് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 8 കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.
താൽക്കാലികമായിട്ടെങ്കിലും പാലത്തിലുണ്ടായ വിള്ളൽ മാറ്റി ഭീതികൂടാതെ സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം
- നാട്ടുകാർ