
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ ലളിതഗാന മത്സരത്തിൽ എ ഗ്രേഡ്. 7ന് നടക്കുന്ന സംസ്കൃത ഗാനാലാപനത്തിൽ കൂടി മത്സരിച്ച ശേഷം പാലക്കാട് കേരളശേരി എച്ച്.എസിലെ വിദ്യാർത്ഥി എം.ശ്രീഹരി നേരെ രാജ്യ തലസ്ഥാനത്തേക്ക് പറക്കും. സ്കൂൾ വിദ്യാർത്ഥികളിലെ കലാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന കലാ ഉത്സവിൽ നാടൻ പാട്ട് വിഭാഗത്തിൽ കേരളത്തിന്റെ പ്രതിനിധിയാണ് ശ്രീഹരി. 9 നാണ് മത്സരം.
എല്ലാ ജില്ലകളിലും തുടർന്ന് സംസ്ഥാന തലത്തിലും നടത്തിയ മത്സരത്തിലാണ് ശ്രീഹരി ഒന്നാമതെത്തിയത്. പാലക്കാട്ടെ ആദിവാസി വിഭാഗത്തിന്റെ തനതായ ഗാനമാണ് അവതരിപ്പിക്കുക. ചാനലിലെ റിയാലിറ്റി ഷോ താരം കൂടിയായ ശ്രീഹരിക്ക് 'ശ്രീഹരിയുടെ ലോകം" എന്ന ഫാൻസ് കൂട്ടായ്മ സമ്മാനിച്ച കാറിലാണ് പാലക്കാട് നിന്ന് കൊല്ലത്ത് എത്തിയത്. കേരളശേരി ചാത്തൻചിറ പറമ്പിൽ വാദ്യകലാകാരൻ മണികണ്ഠന്റെയും പ്രൈമറി സ്കൂൾ അദ്ധ്യാപിക ശോഭനയുടെയും മകനാണ്. സഹോദരൻ: കലാമണ്ഡലം ശ്രീറാം. ഇതിനകം മൂന്ന് സിനിമകളിലും നിരവധി ആൽബങ്ങളിലും പാടി.