
ആലപ്പുഴ : നഗരത്തിലെ ശുദ്ധജല ക്ഷാമത്തിനെതിരെ സമരം ചെയ്ത എ.ഐ.വൈ.എഫ് നേതാക്കൾ ജയിൽ മോചിതരായി. ചാത്തനാട് കൗൺസിലർ കെ.എസ്.ജയൻ, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.കണ്ണൻ, വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ്, ആലപ്പുഴ മണ്ഡലം സെക്രട്ടറി നിജു തോമസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് ബഷീർ, കെ.എം.അഭിലാഷ്, നേതാക്കളായ ഷമീർ സുലൈമാൻ, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴ വഴിച്ചേരി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചത്. ഇതിൽ ഷമീറ ഹാരിസ് ഒഴികെയുള്ള നേതാക്കൾക്ക് ആലപ്പുഴ സി.ജെ.എം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി മറ്റ് നേതാക്കൾക്ക് ഇന്നലെ ജാമ്യം അനുവദിച്ചത്. അഭിഭാഷകരായ വി.വിജയകുമാർ, വർഗീസ് മാത്യു, എസ്.ഷിഹാസ് എന്നിവർ കോടതിയിൽ ഹാജരായി. ജയിൽ മോചിതരായ നേതാക്കൾക്ക് എ.ഐ.വൈ.എഫ് - സി.പി.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജയിൽ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കളക്ട്രേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ പി.കെ.സദാശിവൻ പിള്ള, ആർ.ജയസിംഹൻ, മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ,മണ്ഡലം പ്രസിഡന്റ് തൻസിൽ താജുദ്ധീൻ എന്നിവർ സംസാരിച്ചു . പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.
ശുദ്ധജലക്ഷാമം പരിഹരിക്കാൻ സമരം ചെയ്തതിന് റിമാൻഡിലായ എ.ഐ.വൈ.എഫ് നേതാക്കളെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജയിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ, നേതാക്കളായ പി.വി.സത്യനേശൻ, എസ്.സോളമൻ, ജി.കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, വി.മോഹൻദാസ്, ആർ.സുരേഷ്, പി.എസ്.എം.ഹുസൈൻ, സനൂപ് കുഞ്ഞുമോൻ, പി.എസ്.സന്തോഷ്‌കുമാർ എന്നിവരും ബിനോയ് വിശ്വത്തോടൊപ്പം ഉണ്ടായിരുന്നു .