
കൊല്ലം: മൺമറഞ്ഞ പ്രിയ ശിഷ്യന് ഗുരുവിന്റെ ബാഷ്പാഞ്ജലി . ഗാനരചയിതാവ് വെൺമണി പ്രകാശ് കുമാർ 2000 ൽ തൊടുപുഴയിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ശിഷ്യൻ പി.ബിപിന് ലളിതഗാനത്തിൽ മത്സരിക്കാൻ വേണ്ടിയാണ് 'സഹ്യന്റെ സാനുവിൽ സാന്ത്വനം തേടി സന്ധ്യാ മേഖങ്ങളേ' എന്ന ഗാനം രചിച്ചത്. അന്ന് ഒന്നാം സ്ഥാനം നേടിയ ബിപിൻ പിൽക്കാലത്ത് ഡോക്ടറായി. നാല് വർഷം മുമ്പ് ഇടുക്കി ഉപ്പുതറയിൽ നടന്ന കാറപകടത്തിൽ ഇടുക്കി നോഡൽ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.പി. ബിപിന് ജീവൻ നഷ്ടമായി. അന്ന് വെൺമണി പ്രകാശ് മനസിൽ കുറിച്ചതാണ് തന്റെ മകനിലൂടെ ഇതേ ഗാനം ബിപിന് ആദരവായി വേദിയിലെത്തിക്കുമെന്ന്. ഇന്നലെ ആ മോഹം സഫലമായി. മകൻ ആലപ്പുഴ വെൺമണി മാർത്തോമ എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അശ്വിൻ പ്രകാശ് ലളിതഗാനത്തിൽ എ ഗ്രേഡും നേടി.