
ഹരിപ്പാട് : ഹരിപ്പാട്- തിരുവല്ല റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ചങ്ങനാശേരി വേരൂർപള്ളി ഐ. ഇ നഗർ കുരിശുമൂട്ടിൽ സോജി ചെറിയാൻ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെ കാരിച്ചാലിലായിരുന്നു അപകടം. ഹരിപ്പാട്ടെ സ്വകാര്യ റെസ്റ്റോറന്റിലെ മാനേജരായ സോജി വീട്ടിൽ നിന്നും കടയിലേക്ക് കാറിൽ വരുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഇടിച്ച കാറിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സോജിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് റോഡിന്റെ നടുക്ക് കിടന്ന കാറുകൾ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഏറെ പാടുപെട്ടാണ് വശങ്ങളിലേക്ക് മാറ്റിയത്. സോജിയുടെ സംസ്കാരം നാളെ രാവിലെ 10ന് വേരൂർ സെന്റ് ജോസഫ് ചർച്ചിൽ. ഭാര്യ: ഷേർളി. മക്കൾ: ജെൽവിൻ, ജോയാനി.