കൊല്ലം: കേരളത്തിലങ്ങോളമിങ്ങോളം വിവാഹങ്ങൾ നടത്തിക്കിട്ടുന്ന വരുമാനമാണ് വയനാട് പനമരം കിണ്ടിമൂലയിൽ സന്ധ്യ എന്ന മാട്രിമോണി സംരംഭകയുടെ കരുത്ത്.

ഇതിൽ നിന്ന് മിച്ചം പിടിച്ചാണ് സന്ധ്യ മകൻ കെ.എസ്.സൗരവിന്റെ നൃത്താഭിരുചി പ്രോത്സാഹിപ്പിക്കുന്നത്. ഇന്നലെ എച്ച്.എസ്.എസ് ഭരതനാട്യത്തിലായിരുന്നു മത്സരം. സൗരവിന് മൂന്ന് വയസുള്ളപ്പോഴാണ് ജവാനായിരുന്ന പിതാവ് സുനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പിന്നീടിങ്ങോട്ട് സൗരവിനും ചേച്ചി സ്വാതിക്കും സന്ധ്യ അമ്മയ്ക്കൊപ്പം അച്ഛനുമായി. 16 വർഷമായി മാട്രിമോണി രംഗത്തുണ്ട്. രണ്ടായിരത്തിലധിരം വിവാഹങ്ങൾ നടത്തി. ഒപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലും കൈവച്ചു. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ സി.ബി.എസ്.ഇ വിഭാഗത്തിലും, എട്ടാം ക്ലാസ് മുതൽ തുടർച്ചയായി നാലാം വർഷവും കേരള സംസ്ഥാന കലോത്സവ വേദിയിലും മത്സരാർത്ഥിയായി സൗരവുണ്ട്. ജില്ലാ കായിക മേളയിൽ മത്സരിക്കവേ കാലിന്റെ ഞരമ്പിന് ക്ഷതമേറ്റു. തുടർച്ചയായ ഒന്നരമാസത്തെ വിശ്രമത്തിന് ശേഷമാണ് കലോത്സവ രംഗത്തേക്ക് തിരിച്ചെത്തിയത്.