
ആലപ്പുഴ : രണ്ടുദിവസമായി തുടരുന്ന മഴ ചൂടിനും പൊടിശല്യത്തിനും ആശ്വാസമായെങ്കിലും ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.
സർവീസ് റോഡുകൾക്കായി മണ്ണിട്ട് ഉയർത്തിയ സ്ഥലങ്ങളെല്ലാം മഴയിൽ ചെളിക്കുണ്ടായി മാറി. റോഡിന്റെ വശങ്ങളിലെ താമസക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഇത് വലിയ ദുരിതമായി. പലേടത്തും കെട്ടിനിൽക്കുന്ന വെള്ളവും ചെളിയും ചാലുകീറി ഒഴുക്കിവിടാൻ ശ്രമംനടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഹരിപ്പാട് ഭാഗത്ത് ദേശീയപാത നിർമ്മാണത്തിന് മണ്ണ് നിരത്താനായി കൊണ്ടുവന്ന ചില യന്ത്രങ്ങൾ ചെളിയിൽ പൂണ്ടുപോവുകയുമുണ്ടായി. കായംകുളം, കരീലക്കുളങ്ങര, ചേപ്പാട്, ഹരിപ്പാട്, കരുവാറ്റ, തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര തുടങ്ങിയ മേഖലകളിലെല്ലാമാണ് ദേശീയപാതയുടെ വശങ്ങൾ ചെളിക്കുണ്ടായിട്ടുള്ളത്.
അരൂർ- തുറവൂർ, തുറവൂർ- പറവൂർ, പറവൂർ- കൊറ്റുകുളങ്ങര എന്നിങ്ങനെ മൂന്ന് റീച്ചുകളിലായാണ് ജില്ലയിൽ ദേശീയ പാത നിർമ്മാണം പുരോഗമിക്കുന്നത്. സർവീസ് റോഡുകളും ഓടകളും അടിപ്പാതകളും കേബിൾ ട്രഞ്ചുകളും നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഉയരപ്പാതകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനുള്ള പൈലിംഗ് ജോലികളും തൂണുകളുടെയും സ്പാനുകളുടെയും നിർമ്മാണവും നടക്കുന്നുണ്ട്.
പൈലിംഗിനും തടസം
കായംകുളം , തോട്ടപ്പള്ളി പാലങ്ങളുടെ നിർമ്മാണ ജോലികളെ മഴ ബാധിച്ചു
തോട്ടപ്പള്ളി സ്പിൽവേയ്ക്കും കനാലിനും ഇരുവശത്തും നടന്നുവരുന്ന നിർമ്മാണമാണ് തടസപ്പെട്ടത്
തോട്ടപ്പള്ളിയിൽ നിലവിലെ ദേശീയപാതയുടെ പടിഞ്ഞാറുവശത്താണ് മണ്ണിട്ട് ഉയർത്തുന്നത്
അമ്പലപ്പുഴയിലെ ഫ്ളൈ ഓവർ നിർമ്മാണത്തിനും മഴ തടസമുണ്ടാക്കി
പൈലിംഗിനും മണ്ണും ചെളിയും നീക്കം ചെയ്യുന്നതിലുമാണ് തടസം