
കൊല്ലം: മതത്തിന്റെ വേലിക്കെട്ടുകൾ മറികടന്ന് ക്ഷേത്രം ജീവനക്കാരനായ ഇസ്ലാം മതവിശ്വാസി, എറണാകുളം പള്ളുരുത്തി ജൗഷൽ ബാബുവിന്റെ ശിഷ്യർക്ക് ഇത്തവണയും മിന്നും വിജയം. എച്ച്.എസ് വിഭാഗം പഞ്ചവാദ്യത്തിലാണ് ജൗഷലിന്റെ ശിഷ്യൻമാരായ മുവാറ്റുപുഴ നിർമല ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡോടെ തിളങ്ങിയത്.
ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ വാദ്യകലാകാരനാണ് ജൗഷൽ. ശീവേലിക്കും കലശാഭിഷേകത്തിനും മേളമൊരുക്കുന്ന ജൗഷലിനെ കുറിച്ച് കേട്ടറിഞ്ഞാണ് സ്കൂൾ അധികൃതർ സമീപിച്ചത്.കഴിഞ്ഞ വർഷം സ്കൂളിലെത്തി ഏതാനും കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചു. യാതൊരു കലാ പാരമ്പര്യവുമില്ലാത്ത കുട്ടികൾ തകർത്തു. സ്കൂൾ കാലത്താണ് ജൗഷൽ ബാബു ചെണ്ടമേളം പഠിച്ചത്. 1995,96 വർഷങ്ങളിലെ സംസ്ഥാന കലോത്സവത്തിൽ ജൗഷൽ പങ്കെടുത്ത സ്കൂൾ ടീം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ശ്രീഭവാനീശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന ഉണ്ണി ദയാനന്ദനായിരുന്നു ഗുരു. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ സ്ഥാനവും ജൗഷലിനെ തേടിയെത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ മുവാറ്റുപുഴ നിർമല ഹൈസ്കൂൾ വിദ്യാർത്ഥികളായ അഭിനവ് സജി, ആൻഡ്രു റോജോ (തിമില), അഭിനവ് (പ്രമാണം), ആദിനാഥ് പുറമന (മദ്ദളം), കാശിനാഥൻ പിള്ള (ഇടയ്ക്ക), കെ.എസ്.കാശിനാഥൻ (കൊമ്പ്), പീറ്റർ റോജോ, എൽദോ നോബി (താളം) എന്നിവരാണ് ജൗഷൽ ബാബുവിന്റെ ശിക്ഷണത്തിൽ അരങ്ങിൽ മേളം കൊഴുപ്പിച്ചത്.