ambala

അമ്പലപ്പുഴ: റോഡിന് നടുവിൽ ഉയരത്തിൽ കാനനിർമ്മിച്ചത് യാത്രക്കാർക്ക് ദുരിതമാകുന്നു.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അർബൻ ഹെൽത്ത് സെന്ററിന് പടിഞ്ഞാറായിട്ടാണ് റീ- ബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് 105 മീറ്ററിൽ നീളത്തിൽ കാനനിർമ്മിച്ചത്. കാനയുടെ ഉയരം കാരണം ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

റോഡിന് നടുവിലൂടെയുള്ള കാനനിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ നാട്ടുകാർ തടഞ്ഞിരുന്നു. കാനനിർമ്മാണം പൂർത്തിയായാലുടൻ റോഡ് ഉയർത്തി തുല്യമാക്കാമെന്ന

അധികൃതരുടെ ഉറപ്പിനെ തുടർന്ന് പിന്നീട് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ,​കാനനിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ വാക്കുപാലിച്ചില്ല.

കാനയുടെ ഉയരം കാരണം ഇരുചക്രവാഹനങ്ങളോ, ഓട്ടോയോ, കാറോ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡിന് നടുവിലായി ഉയർന്നുനിൽക്കുന്ന കാന ഇപ്പോൾ നാട്ടുകാർക്ക് ബുദ്ധിമുട്ടും കാഴ്ചക്കാർക്ക് കൗതുകവുമായി മാറിക്കഴിഞ്ഞു. കാനയാേളം ഉയരത്തിൽ ഉടൻ റോഡ് നിർമ്മിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ്

നാട്ടുകാരുടെ തീരുമാനം.

റോഡിന് നടുവിൽ ഉയരത്തിലാണ് കാനനിർമ്മിച്ചിരിക്കുന്നത്. അതിനാൽ വാഹനങ്ങളൊന്നും പ്രദേശത്തേക്ക് എത്തുന്നില്ല. രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കസേരയിൽ ഇരുത്തി അര കിലോമീറ്ററോളം ചുമക്കേണ്ട അവസ്ഥയിലാണ്. റോഡ് നിർമ്മാണം ഇനിയും വൈകിയാൽ നാട്ടുകാരെ സംഘടിപ്പിച്ച് പഞ്ചായത്ത് പടിക്കൽ ധർണ നടത്തും

- വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ

മാർച്ച് 31ന് മുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കും. 8,30,000 രൂപ റോഡ് കോൺക്രീറ്റ് ചെയ്യാനായി അനുവദിച്ചിട്ടുണ്ട്. സാധന സാമഗ്രികൾ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണം

- മനോജ് കുമാർ, പഞ്ചായത്തംഗം