ആലപ്പുഴ : രണ്ടാം കുട്ടനാട് പാക്കേജിൽ ജലസേചന വകുപ്പ് തയ്യാറാക്കിയ 75പദ്ധതികളുടെ പ്രവർത്തനത്തിനായി 100കോടിരൂപയുടെ ഭരണാനുമതി നൽകിയത് കാർഷികമേഖലയ്ക്ക് പ്രതീക്ഷയേകുന്നു. പുറംബണ്ടുകളുടെ നവീകരണം, റെഗുലേറ്ററിംഗ് സംവിധാനം ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
മുൻഗണനാക്രമത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഉത്തരവ് രണ്ട് ദിവസത്തിനുള്ളിൽ ജലസേചനവകുപ്പ് പുറത്തിറക്കും. മേഖലയിൽ അശാസ്ത്രീയ നിർമ്മാണം വേണ്ടെന്നാണ് കർഷകരും നേതാക്കളും ആവശ്യപ്പെട്ടിട്ടുള്ളത്. വെള്ളപ്പൊക്കം നിയന്ത്രിക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാൻ പ്രാപ്തരാക്കുക, വേമ്പനാട് കായൽ വ്യവസ്ഥയിൽ പാരിസ്ഥിതിക ആഘാതങ്ങൾ ഇല്ലാതാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പാക്കേജ് നടപ്പാക്കുന്നത്.
ഓരോ വർഷവും ആയിരക്കണക്കിന് കോടി രൂപയുടെ കൃഷിനാശം ഒഴിവാക്കാനാകും. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ പ്രവർത്തനം പൂർണ്ണമായും സജ്ജമാക്കും. അരൂർ,ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം,കടുത്തുരുത്തി, വൈക്കം, കുട്ടനാട് നിയോജക മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ.
മൂന്ന് മേഖലകൾ, മൂന്ന് ഇ.ഇമാർ
1.പാക്കേജ് നടപ്പാക്കുന്നത് 3 മേഖലകളാക്കി തിരിച്ച്
2.തണ്ണീർമുക്കം, കുട്ടനാട് ,ചെങ്ങന്നൂർ മേഖലകൾ
3.മേൽനോട്ടം എക്സിക്യൂട്ടിവ് എൻജിനിയർമാർക്ക്
4.കൂടുതൽ പദ്ധതികൾ കുട്ടനാട് മേഖലയിൽ
ബണ്ട് ബലപ്പെടുത്തും
പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തും
പമ്പയിൽ മൂന്ന് പ്രളയ റെഗുലേറ്ററുകൾ
തോട്ടപ്പള്ളി, തണ്ണൂർമുക്കം റെഗുലേറ്ററുകളുടെ പ്രവർത്തനം സജ്ജമാക്കണം.
തോടുകൾ അടിയന്തരമായി വൃത്തിയാക്കി ചെളിയും മണലും നീക്കും
തോട്ടപ്പള്ളി സ്പിൽവേയിലേക്ക് ലീഡിംഗ് ചാനലിലൂടെയുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കും
എ.സി കനാലിന്റെ വിവിധഘട്ടങ്ങളിലെ പദ്ധതികൾ പൂർത്തിയാക്കും
കർഷകരുടെ ആവശ്യം
അകംബണ്ട് ബലപ്പെടുത്തി ട്രാക്ടർ റോഡ് നിർമ്മിക്കുക
'പെട്ടിയും പറയും' മാറ്റി സബ്മേഴ്സിബിൾ പമ്പുകളുടെ വിതരണം
ഒന്നാം പാക്കേജിലെ അശാസ്ത്രീയ നിർമാണ പദ്ധതികൾ ഒഴിവാക്കണം
പൈൽ സ്ളാബ് നിർമ്മാണം ഉപേക്ഷിക്കുക
വ്യവസായ വകുപ്പിനു കീഴിൽ സംയോജിത റൈസ് പാർക്ക്
താറാവുകൃഷി ഗവേഷണ കേന്ദ്രം
പുതിയ വൈദ്യുതി സബ് സ്റ്റേഷൻ
പുറംബണ്ടുകളുടെ ബലപ്പെടുത്തലും അകംബണ്ടുകളുടെ നിർമ്മാണവും നടത്തി അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് ട്രാക്ടർ റോഡ് നിർമ്മിക്കണം. അശാസ്ത്രീയമായ നിർമ്മാണം പൂർണ്ണമായും ഉപേക്ഷിച്ച് കാർഷികമേഖലയെ രക്ഷിക്കണം.
-സോണിച്ചൻ പുളിങ്കുന്ന്, ജനറൽ സെക്രട്ടറി, നെൽകർഷക സംരക്ഷണ സമിതി