കായംകുളം: കെട്ടിട നിർമ്മാണത്തൊഴിലാളിയായ രുഗ്മിണി അമ്മയുടെ വീടിന് നമ്പർ ഇട്ടു നൽകാത്ത നഗരസഭ അധികൃതരുടെ നടപടിക്കെതിരെ, കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസ് കായംകുളം നഗരസഭ കവാടത്തിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.കബീർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പി.എസ്.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കീരിക്കാട് തെക്ക് ചൂളയിൽ രുഗ്മിണി അമ്മയ്ക്ക് 2018 ലാണ് ലൈഫ് ഭവന പദ്ധതി പ്രകാരം തുക അനുവദിച്ചത്.കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും നമ്പർ ഇട്ടു നൽകുവാൻ നഗരസഭ തയ്യാറായില്ല. രോഗിയും വിധവയും വയോധികയുമായ ഇവരുടെ വീടിന് നമ്പർ ഇട്ടു നൽകുന്നതുവരെ സമരപരിപാടികളുമായി സംഘടന മുന്നോട്ടുപോകുമെന്നും കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് അറിയിച്ചു.