renji
ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച രഞ്ജി ട്രോഫി മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പവലിയനിലേക്ക് മടങ്ങുന്ന യു. പി യുടെ ക്യാപ്ടൻ ആര്യൻ ജുവലും ഫീൽഡിംഗിനായി തയ്യാറെടുക്കുന്ന കേരളത്തിന്റെ ക്യാപ്ടൻ സഞ്ജു സാംസണും

ആലപ്പുഴ : ആലപ്പുഴ ആദ്യമായി വേദിയാകുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യ ദിനം

ബൗളിംഗ് മികവിൽ കരുത്തുകാട്ടിയ കേരളത്തിനെതിരെ റിങ്കു സിംഗിന്റെ മികവിൽ യു.പിയുടെ ചെറുത്ത് നിൽപ്പ്. ആലപ്പുഴ എസ്.ബി കോളേജ് ഗ്രൗണ്ട് വേദിയാകുന്ന മത്സരത്തിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഉത്തർപ്രദേശ് 64 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് നേടി. ഒരുഘട്ടത്തിൽ അഞ്ചിന് 124 എന്ന നിലയിൽ തകർന്ന യു.പിയെ റിങ്കുസിംഗിന്റെയും (103 പന്തിൽ 71),​ ധ്രുവ് ചന്ദ് ജുറലിന്റെയും (100 പന്തിൽ 54) അർദ്ധ സെഞ്ച്വറികളാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 120 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ടോസ് നേടിയ യു.പി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടൻ ആര്യൻ ജൂയലും സമർ സിംഗും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. സ്‌കോർ 17ൽ നിൽക്കെനാലാന്നാമത്തെ ഓവറിലെ അവസാനത്തെ പന്തിൽ സമർഥ് സിംഗിനെ (10) പുറത്താക്കി എം.ഡി. നിധീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നൽകി. ​ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു യു.പിയുടെ തുടക്കം. 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിലാണ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്.

തുടർന്ന് കേരള ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ യു.പി ബാറ്റർമാർ നന്നേ പാടുപെട്ടു. ആര്യൻ ജുയാലും പ്രിയം ഗാർഗും (44) ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് സ്പിന്നർ വൈശാഖ് ചന്ദ്രൻ തകർത്തു.

ആര്യൻ ജുയാലിനെ (28)വൈശാഖ് കീപ്പർ വിഷ്ണു വിനോദിന്റെ കൈയിൽ ഒതുക്കി.

പത്ത് റൺകൂടി കൂട്ടിച്ചേർക്കുന്നതിനിടെ പ്രിയം ഗാർഗറിന്റെ (44) വിക്കറ്റ് തെറിപ്പിച്ച് ബേസിൽ തമ്പിയും യുപിയെ വിറപ്പിച്ചു. പിന്നാലെയെത്തിയ സമീർ റിസ്‌വി (18 പന്തിൽ 26) കുറ്റനടിയോടെയാണ് തുടങ്ങിയത്. നേരിട്ട രണ്ടാം പന്ത് ബൗണ്ടറി കടത്തിയ റിസ്‌വി വൈശാഖ് ചന്ദ്രന്റെ ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സുമടക്കം 15 റൺസ് അടിച്ചുകൂട്ടി. സ്‌കോർ 114ൽ നിൽകെ സമീർ റിസ്‌വിയെ (24) ക്യാപ്ടൻ സഞ്ജുവിന്റെ കൈയിലെത്തിച്ച് ശ്രേയസ് ഗോപാൽ കേരളത്തിന് രക്ഷയ്ക്കെത്തി.

പിന്നാലെ ജലജ് സക്സേനയുടെ പന്തിൽ സില്ലി പോയിന്റിൽ ഡൈവിംഗ് ക്യാച്ചിലുടെ അക്ഷ്ദീപ് നാഥിനെ (10) സച്ചിൻ ബേബി കൈയിലൊതുക്കി. 124/5 എന്ന നിലയിൽ പ്രതിസന്ധിയിലായ യു.പിയെ പിന്നീട് ക്രീസിൽ ഒന്നിച്ച റിങ്കു സിംഗും ധ്രുവ് ജുറലും കരകയറ്രുകയായിരുന്നു.
ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ കേരളാ ബൗളർമാരുടെ ആധിപത്യം റിങ്കുവും ജുറലും ചേർന്ന് തല്ലിക്കെടുത്തി. ബേസിൽ തമ്പി, എം.ഡി.നിധീഷ്, ശ്രേയസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

കാലാവസ്ഥ പ്രതികൂലം

ഇന്നലെ രാവിലെ വരെ തുടർന്ന മഴയിൽ ഔട്ട്ഫീൽഡിൽ ഈർപ്പം ഉണ്ടായിരുന്നതിനാൽ ഒന്നര മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. വെളിച്ചം കുറഞ്ഞതോടെ വൈകിട്ട് 4.45 ഓടെ ആദ്യദിനം കളി അവസാനിപ്പിച്ചു. 64 ഓവറേ ഇന്നലെ കളി നടന്നുള്ളൂ.