sdftse

പൂച്ചാക്കൽ: സംസ്ഥാന സഞ്ചാരവകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷനും യു.എൻ വുമൺ ഇന്ത്യയും സംയുക്തമായി പെരുമ്പളം പഞ്ചായത്തിൽ നടപ്പാക്കുന്ന സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി.ആശ അദ്ധ്യക്ഷയായി. പദ്ധതിയുടെ കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യു.എൻ വിമൻ, ഇന്ത്യ സ്റ്റേറ്റ് കൺസൾട്ടൻസ് ഡോ.പീജ രാജൻ എന്നിവർ സംസാരിച്ചു. ടൂറിസം മിഷൻ റിസോഴ്സ് പേഴ്സൺമാരായ ഇന്ദു കൃഷ്ണ, അമ്പിളി ഗിരീഷ്, ജനപ്രതിനിധികൾ, അസൂത്രണ സമിതി ഉപാദ്ധക്ഷൻ, സി.ഡി.എസ് ചെയർപേഴ്സൺ അംബിക ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരിത സുജി സ്വാഗതവും വികസനകാര്യ ചെയർപേഴ്സൺ ശ്രീമോൾ ഷാജി നന്ദിയും പറഞ്ഞു. സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാര പദ്ധതി ആദ്യഘട്ടത്തിൽ പെരുമ്പളം ഉൾപ്പെടെ ആറു സ്ഥലങ്ങളിലാണ് നടപ്പിലാക്കുന്നത്. പെരുമ്പളം ദ്വീപിന്റെ ഗ്രാമീണ ഭംഗിയും ജീവിതവും വിഭവങ്ങളും ലോകശ്രദ്ധ ആകർഷിക്കുന്നതിനും , ഗ്രാമങ്ങളിൽ തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ത്രീ സംരംഭകർക്ക്‌ അവരുടെ ഉത്പ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കലാകാരികൾക്ക് അവസരം ഒരുക്കുന്നതിനുമായി റെസ്പോൺസിബിൾ ടൂറിസം മിഷന്റെ വെബ്സൈറ്റ് ഉൾപ്പെടുത്തുന്നതിനുള്ള ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാനുള്ള അവസരവും ഉണ്ട്.