payal-niranjnja-thod

ചെന്നിത്തല: അപ്പർകുട്ടനാടൻ പാടശേഖരമായ ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടങ്ങളിലെ വിതവെള്ളം വറ്റിക്കാൻ കഴിയാതെ നെൽകർഷകർ പ്രതിസന്ധിയിൽ. 380 ഓളം ഏക്കർ വരുന്ന പാടത്തെ കർഷകർക്കാണ് പാടത്തെ വെള്ളം വറ്റിക്കാൻ കഴിയാതെ നിലയിലായത്. അഞ്ചുദിവസമായി വിതകഴിഞ്ഞ പാടത്ത് കിളിർത്ത നെൽച്ചെടിയുടെ കാമ്പുകൾ ചീഞ്ഞ നിലയിലാണ്. വീണ്ടും വിത്ത് വാങ്ങി വിതയ്ക്കേണ്ട അവസ്ഥയാണുള്ളത്. 45രൂപ വില നൽകിയാണ് ഭൂരിപക്ഷം കർഷകരും വിത്ത് വാങ്ങിയത്. സബ്‌സിഡി നിരക്കിൽ വാങ്ങിയ നെൽവിത്തുകൾക്ക് കിളിർപ്പ് കുറവായതിനെ തുടർന്നാണ് കർഷകർ കൂടുതൽ പണം നൽകി പുറത്ത് നിന്ന് നെൽവിത്തുകൾ വാങ്ങേണ്ടി വന്നത്. പാടത്തെ തോടും കൈത്തോടും കൂവളങ്ങളും, പോളകളും മറ്റുസസ്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നതിനാൽ പറ്റാത്തത് നിന്ന് വെള്ളം വലിഞ്ഞു പോകാൻ ഏറെ ബുദ്ധിമുട്ടാണ്. ഓരോ കർഷകനും ഇഞ്ചൻനേർമ തുകയായ 400രൂപ സമിതിക്ക് അടയ്ക്കുകയും കൂടാതെ സർക്കാരിൽ നിന്ന് ഒരേക്കറിന് 1800 രൂപയും ലഭിക്കുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പ എടുത്തും പലിശയ്ക്ക് കടം വാങ്ങിയും ആഭരണങ്ങൾ പണയപ്പെടുത്തിയുമാണ് ഓരോ കർഷകനും പാടത്ത് നെൽകൃഷി ചെയ്യുന്നത്. പാടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാതെ കൃഷി ചെയ്യുന്ന കർഷകരെ കടത്തിലേക്ക് തള്ളിവിടുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

.......

'' കാലാകാലങ്ങളിൽ കൃഷിക്ക് മുമ്പായി പാടങ്ങളിലെ കൈത്തോടുകൾ ശുചീകരണം നടത്തി നീരൊഴുക്ക് സുഗമമാക്കാറുണ്ടായിരുന്നു. എന്നാൽ ഇക്കുറി തോടുകളുടെ ശുചീകരണം നടത്താൻ അധികൃതർ തയ്യാറായില്ല.

മുണ്ടോലിൽ അജി ,കർഷകൻ