ആലപ്പുഴ: കായംകുളത്ത് മത്സരിച്ചപ്പോൾ ചിലർ തന്നെ കാലുവാരിയെന്ന് വെളിപ്പെടുത്തി മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. ജനതാപാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എസ്.എം കോളേജ് ഗവേണിംഗ് ബോഡി ചെയർമാനുമായിരുന്ന പി.എ. ഹാരീസിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പി.എ.ഹാരിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സുധാകരന്റെ വെളിപ്പെടുത്തൽ 2001ൽ കായംകുളത്ത് തോറ്റതു കാലുവാരിയതുകൊണ്ടാണ്. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.കെ.ചെല്ലപ്പന്റെ നേതൃത്വത്തിൽ 300 വോട്ടാണ് മറിച്ചത്.

കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചിട്ടും വോട്ട്കിട്ടിയില്ലെന്ന് സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഓരോ ദിവസവും കാലുവാരുന്നത് നേരിട്ട് കണ്ടതാണ്. ദേവികുളങ്ങരയിൽ പര്യടനം ആരംഭിക്കേണ്ട ദിവസം രാവിലെ 11 മണിയായിട്ടും വണ്ടിപോലും വന്നില്ല. ഞാൻ പലരോടും ചോദിച്ചു . ആർക്കും കാര്യം അറിയില്ല. പാർട്ടി കേന്ദ്രമായ പത്തിയൂരിൽ സി.പി.എം പ്രവർത്തകരുടെ വീട് ഒരു വിഭാഗം എറിഞ്ഞു തകർത്തു. ഞാൻ അന്ന് അവിടെയാണ് താമസം . എനിക്ക് കിട്ടേണ്ട വോട്ട് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.തടയാൻ ആരുമുണ്ടായില്ല. മുൻസിപ്പൽ ചെയർമാന് കെട്ടിവച്ചകാശുപോലും അടുത്ത ഇലക്ഷന് കിട്ടിയില്ല.

മനസ്സിൽ ഒന്നു കരുതുക, പുറകിൽ ഉടുപ്പിനടിയിൽ കഠാര ഒളിപ്പിച്ചു പിടിക്കുക,കുത്തുക ഇതാണ് പലരുടെയും ശൈലി.മനസ്സ് ശുദ്ധമായിരിക്കണം.അതാണ് ഇടതുപക്ഷമെന്നും സുധാകരൻ പറഞ്ഞു. എല്ലാവരും കാലുവാരികളാണെന്നല്ല. കാലുവാരൽ കലയും ശാസ്ത്രവും ആയി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇവിടെയുണ്ട്. അതിപ്പോഴുമുണ്ട്, ഇന്നലെയുമുണ്ട്, നാളെയുമുണ്ടാവും. യുഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ മത്സരിച്ചാണ് ജയിച്ചിട്ടുള്ളത്. ചിലപ്പോൾ തോറ്റിട്ടുമുണ്ട്. ആദ്യം മത്സരിച്ചപ്പോൾ പി.ഡി.പി, ആർ.എസ്.എസ് സ്ഥാനാർഥികൾ തന്നെ വോട്ട് മറിച്ചു. എന്നിട്ടും വിജയിച്ചു. രണ്ടാം തവണ സ്വന്തം പാർട്ടിയിലുള്ളവരാണ് കാലുവാരിയത്. പിന്നീട് അമ്പലപ്പുഴയിൽ നിന്ന് മത്സരിച്ച് മന്ത്രിയായശേഷം കായംകുളത്തെത്തിയ തന്നോട് ഇവിടെ മത്സരിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചവരുണ്ട്. വീണ്ടും തന്നെ തോൽപ്പിക്കാനായിരുന്നോയെന്ന മറുചോദ്യമാണ് താൻ അവർക്ക് മറുപടി നൽകിയതെന്നും ജി. സുധാകരൻ വെളിപ്പെടുത്തി. സി.പി.എം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.