renji

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു. രണ്ടാംദിവസം സ്റ്റമ്പെടുക്കുമ്പോൾ കേരളം 65 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലാണ്. ശ്രേയസ് ഗോപാൽ (36), ജലജ് സക്‌സേന(6) എന്നിവരാണ് ക്രീസിൽ.

ഇന്നലെ രാവിലെ 244/5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച യു.പി 83.4 ഓവറിൽ 302 റൺസിന് എല്ലാവരും പുറത്തായി. 58 റൺസ് എടുക്കുന്നതിനിടെയാണ് അഞ്ച് വിക്കറ്റുകൾ അവർക്ക് നഷ്ടമായത്. 63 റൺസെടുത്ത ധ്രുവ്ചന്ദ് ജൂറലിന്റെ വിക്കറ്റാണ് ആദ്യം വീണത്. ജൂറിലിനെ സെക്കൻഡ് സ്ലിപ്പിൽ കൃഷ്ണപ്രസാദിന്റെ കൈകളിലെത്തിച്ചത് ബേസിലാണ്. പിന്നാലെയെത്തിയ സൗരഭ് കുമാർ (20) റിങ്കുസിംഗിന് മികച്ച പിന്തുണ നൽകിമുന്നോട്ട് പോകുന്നതിനിടെ രോഹൻ എസ്‌.കുന്നുമ്മലിന്റെ ഡയറക്ട് ഹിറ്റിൽ റൺഔട്ടായി. തുടർന്ന എം.ഡി.നിധീഷിന്റെ ഊഴമായിരുന്നു. എറിഞ്ഞ ആദ്യപന്തിൽ റിങ്കുസിംഗിനെയും രണ്ടാം പന്തിൽ യാഷ് ദയാലിനെയും (0) പുറത്താക്കി ഇരട്ടപ്രഹരമേൽപ്പിച്ചു. സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ വച്ച് റിങ്കുവിനെ നിധീഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് പിടികൂടുകയായിരുന്നു. ഉച്ചഭക്ഷണ സമയം വരെ പിടിച്ചുനിൽക്കാനായിരുന്നു പിന്നീട് യു.പിയുടെ ശ്രമം. എന്നാൽ സ്‌കോർ 302ൽ നിൽക്കെ 83–ാം ഓവറിലെ നാലാം പന്തിൽ കുൽദീപ് യാദവിനെ (5) ബേസിൽ തമ്പിയുടെ കൈകളിലെത്തിച്ച് ജലജ് സക്സേന ഇന്നിംഗ്സിന് തിരശീലയിട്ടു. കേരളത്തിനുവേണ്ടി നിതീഷ് എം.ഡി മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റ് നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ ഓപ്പണർ കൃഷ്ണപ്രസാദിനെ പൂജ്യത്തിന് പുറത്താക്കി യു.പി ആദ്യ പ്രഹരം നൽകി. സ്‌പിന്നർ സൗരഭ്‌ കുമാർ എറിഞ്ഞ ഏഴാം ഓവറിൽ രോഹൻ കുന്നുമ്മൽ വിക്കറ്റിന്‌ മുന്നിൽ കുടുങ്ങി. ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോൾ കേരളം രണ്ടിന്‌ 19 റൺസ്‌ എന്ന നിലയിലായിരുന്നു. പിച്ചിൽനിന്ന്‌ ടേൺ കിട്ടിത്തുടങ്ങിയതോടെ രണ്ടാം സെഷനിൽ കുൽദീപ്‌ യാദവും സൗരഭിന്‌ കൂട്ടായിയെത്തി. കുൽദീപിന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ഡിഫൻസിന്‌ ശ്രമിച്ച രോഹൻ പ്രേം ക്ലീൻ ബൗൾഡായി. 32 റൺസെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകൾ നഷ്‌ടമായ കേരളം പിന്നീട് വിഷ്ണു വിനോദ് (94 പന്തിൽ 74), സച്ചിൻ ബേബി (90 പന്തിൽ 38), ക്യാപ്ടൻ സഞ്ജു സാംസൺ (35), ശ്രേയസ് ഗോപാൽ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. കുൽദീപ് യാദവ് യു.പിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.