sajeesh

കൊല്ലം: കാഴ്ചയില്ലെങ്കിലും കലോത്സവക്കാഴ്ചകൾ മനസിൽ നിറയ്ക്കാൻ സജീഷിന് ഇടംവലം മക്കളുണ്ട്. ഏഴാം ക്ലാസുകാരി സായന്തനയും രണ്ടാം ക്ലാസുകാരൻ സംയുക്തും. അച്ഛന്റെ വിരൽത്തുമ്പ് വിടാതെ അവ‌ർ കാണാക്കാഴ്ചകൾ വാക്കുകളിൽ നിറച്ചു...

കാഴ്ച പരിമിതിയുള്ള പ്രിയസഖി ശാലിനിയായിരുന്നു മുൻപ് വഴികാട്ടി. പക്ഷേ,​ അ‌‌ർബുദം വില്ലനായി. എറണാകുളം ജനറൽ ആശുപത്രിയിൽ മൂന്ന് വർഷത്തോളം ചികിത്സിച്ചെങ്കിലും കഴിഞ്ഞ വർഷം ശാലിനി യാത്രയായി. ഇത്തവണയും കലോത്സവത്തിന് പോകണമെന്ന അച്ഛന്റെ ആഗ്രഹം മക്കൾ സാധിച്ചു കൊടുക്കുകയായിരുന്നു.

മിമിക്രി കലാകാരനും ഗായകനുമാണ് വൈപ്പിൻ ഇടവനക്കാട് ഇടമുറ്റത്ത് വീട്ടിൽ സജീഷ്. 1995, 97 വർഷങ്ങളിൽ സജീഷ് മിമിക്രി ജില്ലാ തലം വരെ മത്സരിച്ചിരുന്നു. കേരളവർമ്മ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. കൂട്ടുകാരെ കാണാൻ ഇടയ്ക്ക് കോളേജിൽ എത്തുമായിരുന്നു. ഈ യാത്രയിലാണ് ബി.എ മലയാളം വിദ്യാർത്ഥിനി തൃശൂ‌രുകാരി ശാലിനിയെ പരിചയപ്പെട്ടതും അത് പ്രണയമായി വളർന്നതും. ഒരു വ്യാഴവട്ടം സുഖദുഃഖങ്ങൾ പങ്കുവച്ച് ശാലിനി ഒപ്പമുണ്ടായിരുന്നു.

ഇരുപത് വ‌ർഷമായി വൈപ്പിനിൽ ജ്യോതിസ് ഓ‌ർക്കസ്ട്ര എന്ന പേരിൽ അന്ധഗായകരുടെ ഗാനമേള ട്രൂപ്പ് നടത്തുകയാണ് സജീഷ്. ഇതാണ് വരുമാന മാർഗവും. വീട്ടുവാടക മാത്രം മാസം 8000 രൂപ വേണം. അച്ഛൻ ശിവനും അമ്മ സുലോചനയുമാണ് മക്കളുടെ കാര്യങ്ങൾ നോക്കുന്നത്.

ഉൾക്കാഴ്ചയിൽ 'മഴവില്ല്'

സജീഷിന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതരെ ഉൾപ്പെടുത്തി മഴവില്ല് എന്ന വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. 38 അംഗങ്ങളുള്ള ഗ്രൂപ്പിൽ എല്ലാ ദിവസവും രാത്രി 8 മുതൽ 9 വരെ അന്താക്ഷരി, ക്വിസ് തുടങ്ങിയ ഓൺലൈൻ പരിപാടികളുമുണ്ട്. മക്കളെ കലോത്സവത്തിന് കൊണ്ടുപോകുന്ന വിവരം സജീഷ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതോടെ തിരുവനന്തപുരത്തു നിന്ന് കൂട്ടുകാരായ ഷിജുവും അജയകുമാറും എത്തി. ഇന്നലെ രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഒത്തുകൂടിയ കൂട്ടുകാർ ഒരുമിച്ച് വേദികളിലെ കാഴ്ചകൾ അകക്കണ്ണിൽ ആസ്വദിച്ചു.