വീടിന് തീവച്ചത് റെയിൽവേ ട്രാക്ക് വഴിയെത്തിയ സംഘം?
ആലപ്പുഴ: വിദ്യാർത്ഥിയെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പേരിൽ വാടയ്ക്കൽ സ്വദേശിയായ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ബേക്കറിയിലെ ജീവനക്കാരനായ വാടയ്ക്കൽ കറുകപ്പറമ്പിൽ ജിനുവാണ് (20) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് ലഭിച്ച ജിനുവിന്റെ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയുടെ ഉത്തരം കണ്ടെത്താനാണ് പുന്നപ്ര പൊലീസിന്റെ ശ്രമം. കഴിഞ്ഞമാസം 21ന് ഇ.എസ്.ഐ ആശുപത്രിയ്ക്ക് സമീപംവച്ച് വീടിന് സമീപമുള്ള പ്ളസ് വൺ വിദ്യാർത്ഥിയ്ക്ക് ജിനുവിന്റെ ബൈക്ക് ഇടിച്ച് പരിക്കേറ്റിരുന്നു. വിദ്യാർത്ഥിയുടെ ബന്ധുകൂടിയായ യുവതി പിന്നീട് ജിനുവിനെ വിളിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സൗത്ത് പൊലീസിൽ പരാതിയും നൽകി. ഇതിന്റെ പേരിൽ മാനസിക സമ്മർദ്ദത്തിലായ ജിനു സുഹൃത്തുക്കളിൽ ചിലരോട് താൻ മരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ജിനുവിന്റെ സംസ്കാരദിവസമായ വെള്ളിയാഴ്ച ജിനുവിനെതിരെ പരാതി നൽകിയതായി ആരോപിക്കുന്ന യുവതിയുടെ വീടിന് മുന്നിൽ ബന്ധുക്കളും നാട്ടുകാരിൽ ചിലരും പ്രതിഷേധവുമായെത്തി. പൊലീസെത്തി സമരക്കാരെ പിന്തിരിപ്പിച്ചെങ്കിലും പൊലീസ് കാവലിൽ തുടരുന്ന വീടിന്റെ ഒരുമുറി ഇതിനകം അഗ്നിക്കിരയായി. മുറിയ്ക്കുളളിലുണ്ടായിരുന്ന ഉപകരണങ്ങൾ കത്തി നശിച്ചു.
മുറിയ്ക്കുള്ളിൽ നിന്ന് തീയും പുകയും വരുന്നത് കണ്ടപ്പോഴാണ് തീപിടിത്തം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആരോപണ വിധേയയായ യുവതിയും ഭർത്താവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഫയർഫോഴ്സെത്തിയാണ് തീകെടുത്തിയത്. തുടർന്ന് പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും നടത്തിയ പരിശോധനയിൽ പെട്രോൾപോലുള്ള എന്തോ മുറിയ്ക്കുള്ളിൽ ഒഴിച്ച് തീകൊളുത്തിയതാണെന്ന് വ്യക്തമായതോടെ തീവയ്പ്പിനും സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. വീടിന്റെ പിൻവശത്തെ റെയിൽവേ ട്രാക്ക് വഴിയെത്തിയവരാകാം തീവയ്പ്പിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വിദ്യാർത്ഥിയെ ബൈക്കിടിച്ചതിനും വീടിന് തീവച്ചതിനുമാണ് സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വാടയ്ക്കലിൽ പൊലീസ് പിക്കറ്രും പട്രോളിംഗും ഏർപ്പെടുത്തി.