കൊല്ലം: അടുക്കള ജോലിക്കിടെ അമ്മ പറയുന്ന വർത്തമാനം അനുകരിച്ചാണ് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ പി.എ.അശ്വിൻജിത്ത് സംസ്ഥാന കലോത്സവ വേദിയിലെത്തിയത്. വീട്ടുകാരെയും കൂട്ടുകാരെയുമെല്ലാം അനുകരിച്ചു. മികച്ച അഭിപ്രായം നേടിയതോടെ കലോത്സവത്തിൽ ഒരു കൈനോക്കാൻ തീരുമാനിച്ചു. എട്ടാം ക്ലാസ് മുതൽ വിവിധ മത്സരങ്ങളിലായി നിരവധി സമ്മാനങ്ങൾ നേടി. സംസ്ഥാന തലത്തിലേക്ക് ഇത്തവണയാണ് അവസരം ലഭിച്ചത്. പത്താം ക്ലാസ് വരെ മിമിക്രിയിൽ ഗുരുക്കന്മാരില്ലെങ്കിലും, സംസ്ഥാന തലത്തിൽ അവസരം ലഭിച്ചതോടെ മിമിക്രിയിൽ യൂണിവേഴ്സിറ്റി ടോപ്പറായിരുന്ന കരുനാഗപ്പള്ളി സുഭാഷിന് കീഴിൽ പരിശീലനം നടത്തി. ജലം എന്ന വിഷയം തിരഞ്ഞെടുത്ത് ആകാശവാണി പരിപാടികളുടെ മാതൃകയിലാണ് വേദിയിൽ അവതരിപ്പിച്ചത്. സഹോദരൻ ബി.ഡി.എസ് വിദ്യാർത്ഥി പി.എ.അനന്തജിത്ത് മുൻകാല കലോത്സവങ്ങളിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ കസറിയ താരമാണ്. മിമിക്രിക്ക് പുറമേ ലളിതഗാനത്തിലും ജില്ലാ തലത്തിൽ അശ്വിൻ മത്സരിച്ചിരുന്നു. അമ്മ സിനിയും അച്ഛൻ അനിൽകുമാറും പിന്തുണയുമായി ഒപ്പമുണ്ട്.