അമ്പലപ്പുഴ: എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ ദേശക്കാരുടെ രഥയാത്ര ഇന്ന് പുറപ്പെടും. പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തങ്ക തിടമ്പ് സ്ഥാപിച്ച അലങ്കരിച്ച രഥത്തിന് പിന്നാലെ ഇരുമുടിക്കെട്ടേന്തിയ സ്വാമിമാരും, മാളികപ്പുറങ്ങളും നടന്നു നീങ്ങും.ദേവസ്വം ബോർഡിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി 250 പേരാണ് യാത്രയിൽ പങ്കെടുക്കുന്നത്. അമ്പലപ്പുഴയിലെ വിവിധ കരകളിലെ കരപ്പെരിയോന്മാരുടെ കാർമ്മികത്വത്തിൽ ശനിയാഴ്ച രാത്രി ഇരുമുടിക്കെട്ട് നിറച്ച് സ്വാമിമാർ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി. ഇന്നലെ രാവിലെ ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ തെളിയിച്ച് പ്രത്യേക വഴിപാടുകളും നടത്തിയാണ് യാത്ര ആരംഭിക്കുന്നത്. പ്രഭാത ശീവേലിക്കു ശേഷം കിഴക്കേ ഗോപുരനടയിൽ മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തിടമ്പ് പൂജ ആരംഭിക്കും.പൂജിച്ച തിടമ്പ് സമൂഹപെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളക്ക് കൈമാറും. മുൻ സമൂഹപെരിയോനും, രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ സംഘത്തെ യാത്രയാക്കും. 24 ആഴിപൂജകളും 51 ദിവസത്തെ വ്രതാനുഷ്ടാനവും 51ദിവസത്തെ ഭക്തർക്കുള്ള അന്നദാനവും പൂർത്തിയാക്കിയാണ് സംഘം യാത്ര ആരംഭിക്കുന്നത്. അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങൾ ദർശിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി മല്ലശേരി മഹാദേവ ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിന് ശേഷം തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിശ്രമിക്കും. 100 ഓളം സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് സംഘം എരുമേലിയിൽ എത്തുക .12 ന് ആണ് മത സൗഹാർദ്ദത്തിന് പേരുകേട്ട ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ.14 ന് പമ്പ സദ്യ നടത്തി മല കയറുന്ന സംഘത്തെ മരക്കൂട്ടത്തിൽ ദേവസ്വം ബോർഡ് സ്വീകരിക്കും.