ആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കേജിൽ ഭരണാനുമതി നൽകിയ 76പദ്ധതികളുടെ ടെണ്ടർ അടുത്തമാസം പൂർത്തീകരിക്കാൻ പ്രവർത്തനങ്ങൾ തുടങ്ങി. കരാർ ഉറപ്പിച്ച് മാർച്ചിൽ നിർമ്മാണ ജോലികൾ ആരംഭിക്കാനാണ് ലക്ഷ്യം. പദ്ധതികളുടെ നടത്തിപ്പിനായി കഴിഞ്ഞ ദിവസം 100കോടിരൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ സാങ്കേതിക അനുമതി വാങ്ങുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കുട്ടനാട് പാക്കേജ് സ്പെഷ്യൽ ഓഫീസ് നിർദ്ദേശം നൽകും.
ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി മൂന്ന് എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആറുകളുടെയും തോടുകളുടെയും നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് സഹായകമാക്കുന്നതിനാണ് സർക്കാർ തുക വിനിയോഗിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കർഷകരുടെ ദീർഘനാളത്തെ ആവശ്യങ്ങളിലൊന്നായിരുന്നു പാടശേഖരങ്ങളുടെയും പുറംബണ്ടുകളുടെയും നവീകരണ പ്രവർത്തനങ്ങൾ. പുറമേ ചാലുകളിൽ എക്കലും മണ്ണും അടിഞ്ഞു കൂടി നീരൊഴുക്ക് തടസപ്പെട്ടതും കർഷകർക്ക് തിരിച്ചടിയായിരുന്നു. വിവിധ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് നിരവധി പ്രതിഷേധസമരങ്ങൾ നടത്തിയിരുന്നു.
മൂന്ന് ഓഫീസുകൾ വഴി നടത്തിപ്പ് വേഗത്തിലാക്കും
1.2020 സെപ്തംബർ 17നാണ് 2447.6 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്
2.ജലസേചനം, കൃഷി, വ്യവസായം, വൈദ്യുതി, ടൂറിസം, ഫിഷറീസ്, മൃഗസംരക്ഷണം, വാട്ടർ അതോറിട്ടി വകുപ്പുകളാണ് പദ്ധതി തയ്യാറാക്കിയത്.
3.ആലപ്പുഴയുടെ വടക്കൻ മേഖലയും കോട്ടയത്തിന്റെ ഭാഗവും ഉൾപ്പെടുന്ന 48 പദ്ധതികളുടെ നടത്തിപ്പ് തണ്ണീർമുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് എൻജീനിയറുടെ ഓഫീസിനാകും
4.മങ്കൊമ്പ് കേന്ദ്രീകരിച്ചുള്ള എക്സിക്യൂട്ടീവ് എൻജീനിയറുടെ ഓഫീസിനാകും കുട്ടനാട് താലൂക്കിലെ 20പദ്ധതികളുടെ നിർവഹണച്ചുമതല
5.അപ്പർ കുട്ടനാട് മേഖലയിലെ 8 പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല ചെങ്ങന്നൂർ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിനാണ്.
പ്രധാന പദ്ധതികൾ
പാടശേഖരങ്ങളുടെ നവീകരണം
പുറംബണ്ടുകൾ ബലപ്പെടുത്തലുകൾ
മോട്ടോർതറ പുനർനിർമ്മാണം
പുതിയ മോട്ടോർ സ്ഥാപിക്കൽ
വെള്ളം ഒഴുക്കുന്നതിനായി കലുങ്കുകളുടെ നിർമ്മാണം
സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ ടെണ്ടർ നടപടി പൂർത്തികരിച്ച് മാർച്ചിന് മുമ്പ് പദ്ധതി നിർവഹണം ആരംഭിക്കും. ബഡ്ജറ്റ് നിർദ്ദേശത്തിൽ ഉൾപ്പെട്ട പദ്ധതിക്കാണ് സർക്കാർ 100കോടി രൂപ പദ്ധതിഫണ്ടിൽ നിന്ന് അനുവദിച്ചത്.
- ശ്യാംഗോപാൽ, ചീഫ് എൻജിനീയർ, കുട്ടനാട് പാക്കേജ്