ആലപ്പുഴ: പാളത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി നേത്രാവതി എക്സ് പ്രസും ചില പ്രതിവാര ട്രെയിനുകളും ഈമാസം 12വരെ കോട്ടയം വഴിതിരിച്ചുവിട്ടത് തീരദേശപാതയിൽ യാത്രാക്ളേശം രൂക്ഷമാക്കി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കുർള, കുർളയിൽ നിന്ന് തിരികെ ആലപ്പുഴ വഴി തിരുവനന്തപുരം റൂട്ടുകളിലേക്കുള്ള ട്രെയിനുകളും ആലപ്പുഴ വഴിയുളള ചില പ്രതിവാര ട്രെയിനുകളുമാണ് ഇന്നലെ മുതൽ വഴിമാറ്റിയത്. കോട്ടയം വഴി തിരിച്ചതോടെ ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്. വഴിതിരിച്ചുവിട്ട ട്രെയിനുകൾക്ക് കോട്ടയം റൂട്ടിലെ പ്രധാനസ്റ്റേഷനുകളിൽ സ്റ്രോപ്പും അനുവദിച്ചിട്ടുണ്ട്. ഇത് കാരണം അരമണിക്കൂർ മുതൽ ഒരുമണിക്കൂർവരെ വൈകിയാണ് ഇവ ഓടുന്നത്. തീരദേശപാതയിൽ കുമ്പളത്തിനും അരൂരിനും ഇടയ്ക്ക് ട്രാക്കിലെ പഴയ പാളങ്ങളും സ്ളീപ്പറുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഗതാഗത ക്രമീകരണം.
തീരദേശത്ത് യാത്രാദുരിതം രൂക്ഷമാക്കി
ട്രെയിനുകൾ കോട്ടയം റൂട്ടിലേക്ക് വഴിമാറ്റിയതോടെ തീരദേശപാതയിൽ യാത്രാക്ളേശം രൂക്ഷമായി. രാവിലെ 9.50ന്റെ ആലപ്പുഴ എക്സ്പ്രസിന്ശേഷം കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴറൂട്ടിലേക്കുള്ള റെഗുലർ സർവീസായിരുന്നു നേത്രാവതി. രാവിലെ 11.10നുള്ള നേത്രാവതിയ്ക്ക് ശേഷം കായംകുളത്ത് നിന്ന് ആലപ്പുഴ റൂട്ടിലേക്ക് ഏതാനും ദിവസങ്ങളിലുള്ള പ്രതിവാര ട്രെയിനുകളൊഴിച്ചാൽ സർവീസുകളില്ല. ഉച്ചയ്ക്ക് 2.30ന് ആലപ്പുഴയിലെത്തുന്ന കുർള- തിരുവനന്തപുരം നേത്രാവതിയ്ക്ക് ശേഷം പിന്നീട് കായംകുളം ഭാഗത്തേക്ക് വൈകിട്ട് 5.30ന് കൊല്ലം മെമു സർവീസാണുള്ളത്. ട്രാക്കിലെ പണികളെ തുടർന്ന് വൈകിട്ട് എറണാകുളം ഭാഗത്തുനിന്ന് കായംകുളം ഭാഗത്തേക്കുള്ള ഏറനാട്, ജനശതാബ്ദി, കൊല്ലം എക്സ് പ്രസ് ട്രെയിനുകൾ വൈകുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.