thrikkuratti-traffic-

മാന്നാർ: തൃക്കുരട്ടി ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്‌നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിലൂടെ ക്ഷേത്ര ഗോപുരത്തിന്റെ കാഴ്ച മറയുമെന്നതിനാലാണ് പ്രതിഷേധം ഉയരുന്നത്. സ്റ്റോർ ജംഗ്ഷൻ മുതൽ പരുമലക്കടവ് വരെയുള്ള മാന്നാർ ടൗണിൽ മൂന്ന് ട്രാഫിക് സിഗ്നൽ ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പരുമലക്കടവിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് തൂണുകളിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. തൃക്കുരട്ടി ജംഗ്ഷനിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും തൂണുകൾ സ്ഥാപിക്കുന്നതിനുള്ള അടിത്തട്ട് വാർത്തിട്ടിരിക്കുകയാണ്.

പരാതിയുമായി ക്ഷേത്ര ഉപദേശക സമിതി

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ സ്ഥാപിച്ചിട്ടുളള ട്രാഫിക് സിഗ്‌നൽ ലൈറ്റ് തൂണുകളിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ബോർഡ് സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഈ പരസ്യ ബോർഡ് ക്ഷേത്ര ഗോപുരത്തിന്റെ കാഴ്ച മറയ്ക്കുന്നതാണെന്നും ഇതിൽ നിന്നും അധികൃതർ പിന്മാറണമെന്നും തൃക്കുരട്ടി ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എൻജിനീയർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർക്ക് പരാതികൾ നല്‍കിയിട്ടുണ്ടെന്നും ഉപദേശകസമിതി പ്രസിഡന്റ് കലാധരൻ കൈലാസം പറഞ്ഞു.

അനുമതി ഇല്ലെന്ന് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും

മാന്നാറിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനുള്ള അനുവാദം ആർക്കും നൽകിയിട്ടില്ലെന്നും അതിനായി ആരും സമീപിച്ചിട്ടില്ലെന്നും മാന്നാർ ഗ്രാമപഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പറയുന്നു. ബോർഡ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിനെതിരെ വിവിധ വകുപ്പുകളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽ എസ്.അമ്പിളി പരാതി നൽകി.

പരസ്യ ബോർഡുകൾ സ്ഥാപിച്ചത് പഞ്ചായത്ത് അറിഞ്ഞിട്ടില്ല. അനുമതി കൂടാതെ സ്ഥാപിച്ചാൽ അത് നീക്കം ചെയ്യുന്നതിന് നടപടികൾ കൈക്കൊള്ളും

- ടി.വി രത്നകുമാരി, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്