s

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി.ടി സ്കാനിംഗ് മെഷീന്റെ ട്യൂബ് തകരാറിലായി ഒരാഴ്ചയായിട്ടും പരിഹാരം ഇനിയുമകലെ. ആശുപത്രിയിൽ സി.ടി സ്കാനിംഗ് സൗകര്യം നിലച്ചതോടെ, അപകടങ്ങളിൽ പരിക്കേറ്റ് എത്തുന്നവരടക്കം ബുദ്ധിമുട്ടുകയാണ്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 3 ഓടെയാണ് യന്ത്രം തകരാറിലായത്. വ്യാഴാഴ്ച യന്ത്രത്തിന്റെ ട്യൂബ് എത്തിയിട്ടും തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ല. ഇതു മൂലം, അപകടത്തിൽപ്പെട്ടു വരുന്നവർക്ക്ചികിത്സ വൈകുന്നതും പതിവായി.

ആശുപത്രിയിൽ ആകെ ഉള്ള ഒരു ആംബുലൻസിൽ രോഗികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് ഇപ്പോൾ സി.ടി സ്കാനിംഗ് നടത്തുന്നത്. ഒരു രോഗിയെ കൊണ്ടുപോയി തിരികെ കൊണ്ടുവരാൻ രണ്ട് മണിക്കൂറോളം വേണ്ടിവരും. അപകടത്തിൽപ്പെട്ടു വരുന്നവർക്കും, മറ്റ് ശാരീരിക ബുദ്ധിമുട്ടുമായി എത്തുന്നവർക്കും ഡോക്ടർമാർ സി.ടി സ്കാനിംഗ് നിർദ്ദേശിക്കുമ്പോൾ പുറത്തുള്ള സ്വകാര്യ സെന്ററുകളിൽ പോയി വൻ തുക ചെലവഴിച്ച് സ്കാനിംഗ് നടത്തേണ്ട അവസ്ഥയാണ്.

മൂന്ന് വർഷം പഴക്കം

 2020ൽ കൊവിഡ് കാലത്ത് ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത യന്ത്രമാണ് നിലവിൽ ആശുപത്രിയിലുള്ളത്

 25 വർഷം പഴക്കമുണ്ടായിരുന്ന പഴയ യന്ത്രം മാറ്റിയിട്ടാണ് ഇത് സങ്ങഥാപിച്ചത്

 ദിനംപ്രതി 80 ഓളം സ്കാനിംഗുകളാണ് ഇവിടെ നടത്തി വന്നിരുന്നത്

 കൂടുതൽ സ്കാനിംഗ് നടത്തുന്നതുമൂലം യന്ത്രത്തിന്റെ ട്യൂബ് തകരാറിലാകുന്നത് പതിവ്

 ഒരു സ്കാനിംഗ് യന്ത്രം കൂടി വാങ്ങണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല