
ആലപ്പുഴ: കേരളത്തിന് എതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഉത്തർപ്രദേശ് കൂറ്റൻ ലീഡിലേക്ക്. യു.പിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 302 റൺസിനെതിരെ 59 റൺസിന്റെ ലീഡ് വഴങ്ങി കേരളം ഇന്നലെ 243 റൺസിന് ഓൾ ഔട്ടായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ യു.പി മൂന്നാംദിവസം കളിഅവസാനിക്കുമ്പോൾ 62 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലാണ്. ഇതോടെ അവർക്ക് 278 റൺസിന്റെ ലീഡായി.
ഇന്നലെ രാവിലെ 220/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിക്കാൻ ഇറങ്ങിയ കേരളത്തിന് ഒൻപത് ഓവറിൽ 23 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. അങ്കിത് രജ്പുത്താണ് ഇന്നലത്തെ നാലുവിക്കറ്റുകളും സ്വന്തമാക്കിയത്. ഇതോടെ അങ്കിത് അഞ്ചുവിക്കറ്റുകൾ തികയ്ക്കുകയും ചെയ്തു.
രണ്ടാം ഇന്നിംഗ്സിൽ ക്യാപ്ടൻ ആര്യൻ ജുയാൽ നേടിയ തകർപ്പൻ സെഞ്ച്വറിയാണ് യു.പിക്ക് കരുത്തേകിയത്. ആര്യൻ ജുയാൽ 186 പന്തിൽ നാല് സിക്സും ഏഴ് ഫോറുമായാണ് 115 റൺസുമായി പുറത്താകാതെ നിൽക്കുന്നത്. സമർത്ഥ് സിംഗ് 43 റൺസുമായി പുറത്തായപ്പോൾ അഞ്ച് ബൗണ്ടറികൾ ഉൾപ്പടെ 49 റൺസെടുത്ത് പുറത്താകാതെനിൽക്കുന്ന പ്രിയം ഗാർഗാണ് കളിനിറുത്തുമ്പോൾ ജുയാലിന് കൂട്ട്. 26-ാം ഓവറിലെ രണ്ടാം പന്തിൽ സമർഥിനെ ജലജ് സക്സേന വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പകരമിറങ്ങിയ ഗാർഗിനെ 28-ാം ഓവറിൽ വ്യക്തിഗത സ്‌കോർ നാലിൽ നിൽകെ ഫോർവേർഡ് ഷോട്ട് ലെഗിൽ പുറത്താക്കാൻ ലഭിച്ച സുവർണാവസരം കേരളം കൈവിട്ടു.
ഒന്നാം ഇന്നിംഗ്സിൽ ഇന്നലെ ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് ശ്രേയസ് ഗോപാൽ (36), ജലജ് സക്‌സേന (7), ബേസിൽ തമ്പി (2), വൈശാഖ് ചന്ദ്രൻ (5) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഒരു സിക്സും രണ്ടുഫോറുമുൾപ്പെടെ 15 റണ്ണുമായി എം.ഡി.നിധീഷ് പുറത്താകാതെനിന്നു. വെളിച്ചക്കുറവ് കാരണം വൈകുന്നേരം 4.30ഓടെ കളി അവസാനിപ്പിച്ചു.