a

മാവേലിക്കര : ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രൺജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവി 20ന് വിധി പറയും. 2021 ഡിസംബർ 19നാണ് രൺജിത്ത് ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. 15 പ്രതികളാണ് നിലവിൽ വിചാരണ നേരിടുന്നത്. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിൽപ്പരം തൊണ്ടി മുതലുകളുമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ കോടതിയിൽ ഹാജരാക്കിയത്. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പ് സഹായത്തോടെ തയ്യാറാക്കിയ റൂട്ട് മാപ്പുകൾ തുടങ്ങിയവയെയും പ്രോസിക്യൂഷൻ ആശ്രയിച്ചിരുന്നു.

പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫീസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവരായ സാക്ഷികളെ വിസ്തരിച്ചു. രൺജിത്തിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശം വളരെ നേരത്തെ തന്നെ പ്രതികൾ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയ്ക്ക് ഉണ്ടായിരുന്നുവെന്നും ഇതിനായി വിപുമായ മുന്നൊരുക്കങ്ങളും ഗൂഢാലോചനകളും നടത്തിയിരുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

മൊഴി 6000 പേജുകളിൽ

എകദേശം 6000 ത്തോളം പേജുകളിലായാണ് വിചാരണ കോടതി 313ാം വകുപ്പ് പ്രകാരം കേസിലെ 15 പ്രതികളെ ചോദ്യം ചെയ്ത് മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളത്. വിചാരണ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യമുയർന്നിരുന്നു. പ്രതികൾക്ക് സുരക്ഷ കുറവാണെന്നുള്ള ആരോപണങ്ങളും പ്രതിഭാഗത്തുനിന്ന് ഉയരുകയുണ്ടായി. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റപ്പെട്ടത്. ആ വിധിക്കെതിരെ പ്രതികൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.

കേസിലെ സാക്ഷികൾക്കും പ്രോസിക്യൂഷൻ അഭിഭാഷകർക്കും നേരെ ഭീഷണി നിലനിന്നിരുന്നതിനാൽ അതിശക്തമായ സുരക്ഷയാണ് വിചാരണവേളയിൽ പൊലീസ് ഒരുക്കിയത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാവുന്നത്.