
തുറവൂർ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പാതയോരത്തെ കുറ്റിക്കാടുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കുന്നതിനിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി. ദേശീയപാതയിൽ തുറവൂർ തെക്ക് ആലയ്ക്കാപറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം. ജിക്കയുടെ തൈക്കാട്ടുശേരി ശുദ്ധീകരണ പ്ലാന്റിൽ നിന്ന് താലൂക്കിന്റെ വടക്കൻ മേഖലയിലെ 8 പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന 450 മീറ്റർ വ്യാസമുള്ള ജി.ആർ.പി പൈപ്പാണ് പൊട്ടിയത്. പമ്പിംഗ് നടക്കുന്ന സമയമായതിനാൽ വൻതോതിൽ ശുദ്ധജലം ചീറ്റിയൊഴുകിയതോടെ പരിസരമാകെ വെള്ളക്കെട്ടായി. അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് മണിക്കുറുകൾക്ക് ശേഷമാണ് പമ്പിംഗ് നിർത്തി വച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പ്രധാന പൈപ്പ് പൊട്ടിയതിനാൽ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ദിവസങ്ങളോളം കുടിവെള്ളം മുടങ്ങും. പൊട്ടിയ ഭാഗത്തെ പൈപ്പ് മുറിച്ചുമാറ്റി പകരം പുതിയത് സ്ഥാപിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കി ചൊവ്വാഴ്ച വൈകിട്ടോടെ പമ്പിംഗ് പുനരാംഭിക്കാനാകുമെന്നാണ് ജല അതോറിട്ടി അധികൃതർ പറയുന്നത്.
ആറ് മാസം, ഒരു ഡസൻ പൈപ്പുപൊട്ടൽ
കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു ഡസനിലധികം പൈപ്പുപൊട്ടൽ പല സ്ഥലങ്ങളിലുണ്ടായി. തുറവൂർ ആലയ്ക്കാപറമ്പിൽ തന്നെ അടുത്തിടെ 3 പ്രാവശ്യവും ഡിസംബർ 3 ന് പാട്ടുകുളങ്ങരയിലും പൈപ്പ് പൊട്ടിയിരുന്നു. ദേശീയ പാത വികസന ജോലികളുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടുന്നത് ദേശീയപാത - ജല അതോറിട്ടി അധികൃതരുടെ അശ്രദ്ധയും അലംഭാവവും മൂലമാണെന്ന് ആക്ഷേപം ശക്തമാണ്. അടിക്കടിയുള്ള പൈപ്പ് പൊട്ടൽ കാരണം രൂക്ഷമായ വേനലിൽ ശുദ്ധജല വിതരണം മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.