sudheesh-

കാസർകോട്: കാസർകോട് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ആലപ്പുഴ സ്വദേശി സുധീഷിനെ (40) കാസർകോട് കറന്തക്കാട് ഉമാ നഴ്സിംഗ് ഹോമിന്റെ കോമ്പൗണ്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അമിതമായി മദ്യം കഴിച്ച് കെട്ടിടത്തിന്റെ മുകളിൽ കിടന്നുറങ്ങിയ സുധീഷ് രാത്രി എഴുന്നേറ്റപ്പോൾ വീണതായിരിക്കുമെന്നാണ് പ്രാഥമികനിഗമനം. ഇയാളുടെ ചെരിപ്പും ഗ്ലാസും നാരങ്ങയും കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്നു. വീഴ്ചയിൽ തലക്കും തുടയെല്ലിനും ഗുരുതര പരിക്കുണ്ട്. മരണത്തിൽ സംശയകരമായ മറ്റെന്തെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. മദ്യപാനശീലം പതിവായ സുധീഷ് സ്ഥിരമായി ജോലിക്ക് ഹാജരാകാറില്ല.കഴിഞ്ഞ ഡിസംബർ 16 മുതൽ ക്യാമ്പിൽ ഡ്യൂട്ടിക്ക് എത്തിയിട്ടില്ല. അവധിക്ക് അപേക്ഷയും നൽകിയിരുന്നില്ലെന്നും ഉന്നത പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

മദ്യപാനത്തെ തുടർന്ന് ഇയാളുടെ ഭാര്യ നാട്ടിലെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അഞ്ച് വർഷമായി കാസർകോട് ക്യാമ്പിൽ ജോലി ചെയ്യുന്ന സുധീഷ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം പുലർത്താറില്ലെന്നും വിവരമുണ്ട്.കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി .മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.