
മാന്നാർ: മന്ത്രി സജിചെറിയാന്റെ വിവാദ കർഷകവിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് സ്വന്തം രക്തംകൊണ്ട് നിവേദനമെഴുതി ഐക്യകർഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകനുമായ പി.എൻ.നെടുവേലി. 70 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ വീതിയുമുള്ള വെള്ളത്തുണിയിൽ സ്വന്തം രക്തംകൊണ്ട് "അവഗണിച്ചോളൂ, പക്ഷേ അപമാനിക്കരുത്. പ്രകൃതി ദുരന്തങ്ങളോട് പടവെട്ടി നാടിനെ ഊട്ടിപ്പോറ്റുന്ന കർഷകരെ മന്ത്രി സജി ചെറിയാൻ ചവിട്ടി മെതിക്കരുതേ.." എന്ന് എഴുതിയാണ് ആർ.എസ്.പി ആലപ്പുഴജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ പി.എൻ നെടുവേലി പ്രതിഷേധിച്ചത്.
എന്നുമാത്രമല്ല, ചേരയിൽമുക്കിയ ഈ നിവേദനത്തിനൊപ്പം പ്രതീകാത്മകമായി 100ഗ്രാം ജ്യോതി നെൽവിത്തും പച്ചക്കറിവിത്തുകളും മന്ത്രിക്ക് പാഴ്സലായി അയച്ചുകൊടുക്കുകയും ചെയ്തു. അപ്പർകുട്ടനാട്ടിലെ മുക്കം-വാലേൽ ബണ്ടിന്റെ ഉദ്ഘാടന യോഗത്തിൽ തമിഴ്നാട്ടിൽ കൃഷിയുണ്ടല്ലോ, പിന്നെ കേരളത്തിൽ ഇല്ലെങ്കിലും കുഴപ്പമില്ലെന്ന മന്ത്രിയുടെ വിവാദപ്രസ്താവനയാണ് നെടുവേലിയെ ചൊടിപ്പിച്ചത്.
ചോരവിട്ടൊരു കളിയില്ല!
ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന മാലിന്യത്തിനെതിരെ രക്തത്തിൽ ചാലിച്ച് നിവേദനം നൽകിയിട്ടുള്ള ആളാണ് പി.എൻ.നെടുവേലി. 44 നദികളെ സൂചിപ്പിക്കാനായി 44 മീറ്റർ വെള്ള റിബണിൽ കേരളത്തിന്റെ പച്ചപ്പ് സംരക്ഷിക്കുന്നതിനായി പച്ചമഷി കൊണ്ട് നിവേദനമെഴുതി
സ്വന്തം രക്തംകൊണ്ട് തള്ളവിരൽ മുദ്രണം ചെയ്ത് 141 എം.എൽ.എ മാർക്ക് അയച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.
കായംകുളം എം.എസ്.എം കോളേജിൽ സ്റ്റാറ്റിസ്റ്റിക്ക് വിദ്യാർത്ഥിയായിരിക്കെ സോഷ്യലിസ്റ്റ് കേരളാകോൺഗ്രസിന്റെ യുവജന വിഭാഗമായ കെ.എസ്.വൈ.എഫ് സംസ്ഥാനപ്രസിഡന്റായിരുന്ന പി.എൻ നെടുവേലി, 1983 മാർച്ച് 3ന് ഭരണഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ ഗാലറിയിൽ മുദ്രാവാക്യം മുഴക്കിയതിന് ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
മാന്നാറിൽ പ്രവർത്തിച്ചിരുന്ന ഐ.എ.എസ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഗുരുനാഥൻ കൂടിയാണ് നിരവധി പോരാട്ടങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ഈ ഭാഷാസ്‌നേഹി.