
കൊല്ലത്തു നിന്ന് ആലുവയിലേക്ക് പോകാനായാണ് കുമാരനാശാൻ റെഡീമർ ബോട്ടിൽ കയറിയത്. നീന്തലറിയാവുന്ന കുമാരനാശാൻ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യ പ്രതീക്ഷ. അപകടം നടന്ന സ്ഥലത്തിന് 500 അടിയോളം
തെക്ക് മാറി ആറ്റിലേക്ക് ചാഞ്ഞുകിടന്നിരുന്ന കാട്ടുപരത്തിയുടെ ശിഖരങ്ങളിൽ ഉടക്കി കിടക്കുന്ന നിലയിൽ മൂന്നാം ദിവസമാണ് ആശാന്റെ മൃതദേഹംകണ്ടെത്തിയത്
മഹാകവി കുമാരനാശാന്റെ ജലസമാധിയാൽ അറിയപ്പെടുന്നതാണ് ആലപ്പുഴ ജില്ലയിലെ പല്ലന ആറിന്റെ തീരത്തെ 'കുമാരകോടി"എന്ന ഗ്രാമം. 1924 ജനുവരി16ന് പുലർച്ചെ അഞ്ചുമണിക്കാണ് പല്ലനയാറ്റിലെ പുത്തൻകരി വളവിൽ കുമാരനാശാന്റെ കാവ്യ ജീവിതത്തിന് തിരശ്ശീലയിട്ട റെഡീമർ ബോട്ട് ദുരന്തം. ആശാനൊപ്പമുണ്ടായിരുന്ന 24 പേരുടെ ജീവനും പല്ലനയാറ്റിലെ ചിറ്റോളങ്ങളിൽ വിലയം പ്രാപിച്ചു. കൊല്ലത്തു നിന്ന് ആലുവയിലേക്ക് പോകാനായാണ് കുമാരനാശാൻ റെഡീമർ ബോട്ടിൽ കയറിയത്. ഉറക്കത്തിന്റെ ആലസ്യം കണ്ണുകളെ തളർത്തിയ ദുർബല നിമിഷത്തിൽ ബോട്ടിന്റെ സ്രാങ്ക് സൈമണിന് പുത്തൻകരയിലെ കൊടും വളവ് ശ്രദ്ധയിൽപ്പെടാതെ പോയി. പൊന്തക്കാടുകൾ നിറഞ്ഞ കരയിലേക്ക് ഓടിക്കയറുമെന്ന് തോന്നിയപ്പോൾ പെട്ടെന്ന് വളവ് തിരിക്കാൻ ശ്രമിച്ചതോടെ ബോട്ട് കീഴ്മേൽ മറിയുകയായിരുന്നു.
95 അടി വീതിയും പത്തടി ആഴവുമുള്ള ആറ്റിൽ നിന്ന് പല ദിവസങ്ങളിലായാണ് 24 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. നീന്തലറിയാവുന്ന കുമാരനാശാൻ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യ പ്രതീക്ഷ. എന്നാൽ, ഒരു വിവരവും ലഭ്യമല്ലാതെയായതോടെ തെരച്ചിൽ ഊർജ്ജിതമാക്കി. അപകടം നടന്ന സ്ഥലത്തിന് 500 അടിയോളം തെക്ക് മാറിആറ്റിലേക്ക് ചാഞ്ഞുകിടന്നിരുന്ന കാട്ടുപരത്തിയുടെ ശിഖരങ്ങളിൽ ഉടക്കി കിടക്കുന്ന നിലയിൽ മൂന്നാം ദിവസമാണ് ആശാന്റെ മൃതദേഹംകണ്ടെത്തിയത്. പിന്നീട് മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളുണ്ടായി. കായിക്കര,തോന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ബന്ധുക്കളും നാട്ടുകാരും ഭൗതികശരീരം കൊണ്ടു പോകാൻ തയ്യാറായി. പല്ലനയാറിന്റെ തീരത്ത് സംസ്ക്കരിക്കണമെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. വിജനമായ തീരത്ത് അനാഥമായ രീതിയിലുള്ള സംസ്ക്കാരത്തോടായിരുന്നു ബന്ധുക്കളുടെ എതിർപ്പ്. പൊതുകാര്യപ്രസക്തനും ആത്മവിദ്യാസഭയുടെ പ്രസിഡന്റും രാജകുടുംബാംഗവുമായ കലവറ കേശവപിള്ളയും കലവറ നാരായണപിള്ളയും നീലമന മഠത്തിൽ സുബ്രഹ്മണ്യൻ പോറ്റിയും വിഷയത്തിൽ ഇടപെട്ടു. ദൈവനിയോഗമെന്ന് കരുതി മൃതദേഹം പല്ലനയാറിന്റെ തീരത്ത് സംസ്ക്കരിക്കാമെന്ന കേശവപിള്ളയുടെ തീരുമാനത്തോട് എല്ലാവർക്കും യോജിക്കേണ്ടി വന്നു. മൃതദേഹം പല്ലനയിൽ നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സാങ്കേതിക ബുദ്ധിമൂട്ടം അനുകൂലമായി. ആശാന്റെ മൃതദേഹം പല്ലന ആറിന്റെ പടിഞ്ഞാറെ തീരത്തും 24പേരുടെ മൃതദേഹങ്ങൾ കിഴക്കേ തീരത്തും സംസ്കരിച്ചു.
1942 ലാണ് കുമാരനാശാന്റെ ആദ്യ ചരമവാർഷികം പല്ലനയാറിന്റെ തീരത്ത് ആചരിച്ചത്. ആശാന്റെ സഹധർമ്മിണി ഭാനുമതി അമ്മയുടെ നേതൃത്വത്തിലായിരുന്നു യോഗം. കുറ്റിക്കാടുകൾ വെട്ടിനിരത്തി കഷ്പ്പെട്ടാണ് വേദിയൊരുക്കിയത്. ആ യോഗത്തോടെ മഹാകവി കുമാരനാശാൻ സ്മാരക സംഘം രൂപമെടുത്തു. പിന്നീട് എല്ലാ വർഷവും ആശാൻ സ്മാരക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചരമവാർഷിക സമ്മേളനങ്ങൾ നടന്നു. മഹാകവിക്ക് പല്ലനയിൽ നിരവധി സ്മൃതിമണ്ഡപങ്ങൾ ഉയർന്നിട്ടുണ്ട്. കുമാരകോടിയിൽ 3.12കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ സ്മാരകം 2019 ജൂൺ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുതിയ സ്മാരകം ഒരു വശത്ത് നിന്ന് നോക്കുമ്പോൾ ബോട്ടിന്റെയും മറു വശത്ത് നിന്നും നോക്കിയാൽ തൂലികയുടെയും രൂപത്തിലാണ്. വാതിൽ ശ്രീബുദ്ധന്റെ ആശ്രമകവാടം മാതൃകയിലാണ്. ആശാന്റെ പേരിൽ രണ്ട് സരസ്വതി ക്ഷേത്രങ്ങളാണ് പല്ലനയിലുള്ളത്. സ്മാരകത്തിനോട് ചേർന്ന് ആശാന്റെ ഭാര്യ ഭാനുമതി അമ്മ സ്ഥാപിച്ച കെ.എ.എം യു.പി.സ്കൂളും ടി.കെ.ദിവാകരന്റെ പ്രേരണമൂലം ആശാൻസ്മാരക സംഘം പ്രസിഡന്റായിരുന്ന മുൻ ധനമന്ത്രി തച്ചടിപ്രഭാകാരൻ മുൻകൈയെടുത്ത് സ്ഥാപിച്ച എം.കെ.എ.എം എച്ച്.എസുമാണത്.
ഗുരുദേവന്റെ സാന്നിദ്ധ്യം
വത്സലശിഷ്യന്റെ അന്ത്യവിശ്രമസ്ഥലത്ത് വള്ളത്തിലാണ് ശ്രീനാരായണ ഗുരുദേവൻ വന്നത്. പുത്തൻകരിയിൽ കൊച്ചുപപ്പുവിന്റെ വീടിനടുത്ത കടവിൽ വള്ളം അടുപ്പിച്ചു. പപ്പു വീട് പണിക്കായി വച്ചിരുന്ന ആഞ്ഞിലി പലക നിരത്തി ഗുരുദേവനെ കരയിലേക്ക് ആനയിച്ചു. ആദ്യം ആശാന്റെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലത്ത് നിശബ്ദനായി നിന്നു. പിന്നീട് ബോട്ട് മുങ്ങിയ പല്ലനയാറ്റിലേക്ക്. ചുഴികളിലായിരുന്നു കണ്ണ്. വീണ്ടും എന്നന്നേക്കുമായി ഉറങ്ങുന്ന വത്സലശിഷ്യന്റെ അരികത്തേക്ക്. രക്ഷാ പ്രവർത്തകർക്ക് നന്ദി അറിയിച്ച ശേഷമായിരുന്നു ഗുരുദേവന്റെ മടക്കം. ഇപ്പോൾ സ്മാരകത്തിന് 100 മീറ്റർ അകലെ മഹാസമാധി മന്ദിരത്തിന്റെ മാതൃകയിൽ ഗുരുമന്ദിരവും സ്ഥാപിച്ചിട്ടുണ്ട്. പുതിയ സ്മാരകത്തിൽ മഹാകവിയുടെ കവിതകളിലെ കഥാപാത്രങ്ങളുടെ ശില്പാവിഷ്ക്കാരമുണ്ട്. പൂർണമായും ശീതീകരിച്ച സ്മാരകത്തിൽ കവിയുടെ സ്മൃതിമണ്ഡപം ഉൾപ്പെടെ ഒട്ടേറെ കാഴ്ചകൾ കാണാനാകും. തേക്കുതടിയിൽ പൊതിഞ്ഞ അകത്തളം ബോട്ടിന്റെ അകവശം പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്.