ambala

അമ്പലപ്പുഴ: ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ മാനത്ത് വട്ടമിട്ട് പറന്ന ശ്രീകൃഷ്ണപ്പരുന്തിനെ സാക്ഷിയാക്കി അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ ശബരിമല തീർത്ഥാടനത്തിന് തുടക്കമായി. എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തങ്കത്തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ചാണ് രഥയാത്ര ആരംഭിച്ചത്. രഥത്തിന് പിന്നാലെ ഇരുമുടിക്കെട്ടേന്തിയ സ്വാമിമാരും മാളികപ്പുറങ്ങളും നടന്നു നീങ്ങി. ദേവസ്വം ബോർഡിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി 250 പേരാണ് യാത്രയിൽ പങ്കെടുക്കുന്നത്. അമ്പലപ്പുഴയിലെ വിവിധ കരകളിലെ കരപ്പെരിയോൻമാരുടെ കാർമ്മികത്വത്തിൽ ശനിയാഴ്ച രാത്രിയിൽ ഇരുമുടിക്കെട്ട് നിറച്ച് സ്വാമിഭക്തർ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി. ഇന്നലെ രാവിലെ ക്ഷേത്രചുറ്റുവിളക്ക് തെളിയിച്ച് പ്രത്യേക വഴിപാടുകളും നടത്തി. തുടർന്ന് ക്ഷേത്രത്തിലെ പ്രഭാത ശീവേലിക്ക്ശേഷം കിഴക്കേ ഗോപുര നടയിൽ മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിടമ്പ് പൂജ ആരംഭിച്ചു. ഏഴരമണിക്ക് പൂജിച്ച തിടമ്പ് സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളക്ക് കൈമാറി. തിടമ്പ് രഥത്തിൽ സ്ഥാപിച്ച് യാത്ര ആരംഭിച്ചു. മുൻ സമൂഹപ്പെരിയോനും രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ സംഘത്തെ യാത്രയാക്കി. 51 ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊപ്പം 24 ആഴിപൂജകളും 51 ദിവസം അന്നദാനവും നടത്തിയ ശേഷമാണ് സംഘം യാത്ര ആരംഭിച്ചത്.

പേട്ടതുള്ളൽ 12ന്

12നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. രാവിലെ എരുമേലി ചെറിയമ്പലത്തിലേക്കു നീങ്ങി പേട്ടതുള്ളലിനുള്ള തയ്യാറെടുപ്പുകൾ നടത്തും. പന്ത്രണ്ട് മണിയോടെ അമ്പലപ്പുഴ പാർത്ഥ സാരഥിയുടെ സാന്നിദ്ധ്യമറിയിച്ച് മാനത്ത് വട്ടമിട്ടുപറക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ വലിയമ്പലത്തിൽ പൂജ ചെയ്ത തിടമ്പുകൾ ആനപ്പുറത്തേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പേട്ടതുള്ളൽ ആരംഭിക്കും. തുടർന്ന് വാവരു പള്ളിയിൽ പ്രവേശിക്കുന്ന സംഘത്തെ ഭാരവാഹികൾ സ്വീകരിക്കും. വാവര്‍ പ്രതിനിധി സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് യാത്രയാകും. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം നടത്തി നമസ്‌ക്കാരം ചെയ്യുന്നതോടെ പേട്ട തുള്ളലിന് സമാപനമാകും. 14ന് പമ്പ സദ്യ നടത്തി മല കയറും. മകരവിളക്ക് ദിവസം രാവിലെ ഇരുമുടിക്കെട്ടിലെ നെയ്യ് പ്രത്യേകമായി അഭിഷേകം ചെയ്യും.16 ന് തിരുവാഭരണം ചാർത്തിയ വിഗ്രഹം കണ്ട് ദർശനം നടത്തുന്നതോടെ തീർത്ഥാടനത്തിന് സമാപ്‌തിയാകും.