ആലപ്പുഴ: പ്രാഥമിക ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനും പ്രധാന്യം നൽകി ആലപ്പുഴ നഗരസഭയിൽ ,രണ്ടാമത്തെ ജനകീയ ആരോഗ്യ കേന്ദ്രം ഇരവുകാട് വാർഡിൽ തുറന്നു. ആരോഗ്യ സംരക്ഷണത്തിന് നഗരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഫണ്ടിൽ ഇരവുകാട് ക്ഷേത്രത്തിനു സമീപമുള്ള ഇരുനില കെട്ടിടത്തിലാണ് ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച തോണ്ടൻകുളങ്ങരയിൽ സഹൃദയ ആശുപത്രിക്ക് സമീപം ജനകീയ ആരോഗ്യ കേന്ദ്ര തുറന്നത്. ഇരവുകാട് നഗര ജനകീയ ആരോഗ്യ കേന്ദ്രം അഡ്വ.എ.എം.ആരിഫ് എം.പി നാടിന് സമർപ്പിച്ചു. നഗരസഭയുടെ വിവിധ വാർഡുകളിലായി 12 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാണ് ആരംഭിക്കുന്നത്. കിടങ്ങാംപറമ്പ്, ഇരവുകാട് എന്നിവക്ക് പുറമെ വഴിച്ചേരി, വാടക്കനാൽ, വലിയമരം എന്നീ കേന്ദ്രങ്ങളിലെ നഗരാരോഗ്യ കേന്ദ്രങ്ങൾ ജനുവരിയിൽ തുറക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, നസീർപുന്നക്കൽ, കക്ഷിനേതാക്കളായ ഡി.പി.മധു, സലിം മുല്ലാത്ത്, എൻ.എച്ച്.എം പ്രോഗ്രാം ഓഫീസർ കോശി സി.പണിക്കർ, നഗരസഭ സൂപ്രണ്ട് ടി.മധു, കവിയത്രി അമൃത , എൻ.എച്ച്.എം ജില്ലാ കോ-ഓർഡിനേറ്റർ പ്രവീണ, ഹെൽത്ത് ഇൻസ്‌പെക്ടർ ലാറ തുടങ്ങിയവർ സംസാരിച്ചു.
.........
# സേവനങ്ങൾ
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഫണ്ടിൽ ഇരവുകാട് ക്ഷേത്രത്തിനു സമീപമുള്ള ഇരുനില കെട്ടിടം ജനകീയ ആരോഗ്യ കേന്ദ്രത്തിനായി നിർമ്മാണം പൂർത്തീകരിച്ചത്. നഗര ആരോഗ്യ കേന്ദ്രത്തിൽ ജനറൽ ഒ.പി, ലബോറട്ടറി, ജീവിതശൈലി രോഗ നിർണയം, ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണം, കൗൺസലിംഗ് എന്നീ ക്ലിനിക്കൽ സേവനങ്ങൾ ലഭ്യമാണ്. ഗർഭകാല പരിചരണം സുഗമമായി നടപ്പാക്കാൻ ഗവൺമെന്റ് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ സേവനങ്ങൾ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും.
.......
# സമയം
ഉച്ചക്ക് ഒന്ന് മുതൽ ഏഴ് വരെ ഒ.പി സമയം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കിൽ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, സപ്പോർട്ടിംഗ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ, എന്നിവരെയാണ് പ്രാഥമിക ഘട്ടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. 12 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാണ് നഗരസഭ വിവിധ വാർഡുകളിലായി ആരംഭിക്കുന്നത്.