
# കായംകുളം ട്രാൻ. ബസ് സ്റ്റേഷൻ അപകടാവസ്ഥയിൽ
ആലപ്പുഴ: മേൽക്കൂരയിലെ കോൺക്രീറ്ര് പാളി അടർന്നുവീണ് യാത്രക്കാരന് പരിക്കേൽക്കുകയും ഏത് നിമിഷവും നിലംപതിക്കുംവിധം കെട്ടിടം അപകടാവസ്ഥയിലായിട്ടും കായംകുളം കെ.എസ്.ആർ.ടിസി ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാതെ കോർപ്പറേഷൻ. കഴിഞ്ഞ ബഡ്‌ജറ്റിൽ കെട്ടിടനിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് 10 കോടി രൂപ അനുവദിച്ചെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്. ബസ് സ്റ്റേഷന്റെ ചുവരും മേൽക്കൂരയും എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലായതോടെ ഡിപ്പോ ജീവനക്കാർ അപകടമേഖലകളെല്ലാം വേലി കെട്ടിതിരിച്ചിരിക്കുകയാണ്.
1964ലാണ് ബസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്. പതിറ്റാണ്ടുകൾ പിന്നിട്ട കെട്ടിടത്തിൽ ഇതിനകം പലതവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കോൺക്രീറ്റ് മേൽക്കൂരയും ചുവരും സൺഷേഡും കാലപ്പഴക്കത്താൽ പൊട്ടിപൊളിഞ്ഞു. കെട്ടിടം ബലക്ഷയംനേരിട്ടതോടെ പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥർ കെട്ടിടം അപകട അവസ്ഥയിലാണെന്നും ഉടൻ പൊളിച്ചുനീക്കണമെന്നും നോട്ടീസ് നൽകി. തുടർന്നാണ് പുതിയ കെട്ടിടത്തിന് സർക്കാർ തുക അനുവദിച്ചത്. ദേശീയപാതയോരത്തുള്ള ഡിപ്പോയെന്ന നിലയിൽ വാണിജ്യ കോംപ്ളക്സായി
പണിയാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. കോർപ്പറേഷന് അധിക വരുമാനംകണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി കെട്ടിടത്തിന്റെ പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കുകയും നിർമ്മാണം ടെണ്ടർ നടപടികളിലെത്തുകയും ചെയ്തു.
ആകെ ആശയക്കുഴപ്പം
1. കെട്ടിടം അത്യന്തം അപകട അവസ്ഥയിലാണെന്ന് ജീവനക്കാരും പൊതുമരാമത്ത് വകുപ്പും ഇതിനകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു
2.നിലവിലെ കെട്ടിടം പൊളിച്ചുനീക്കി സ്ഥലം വിട്ടുകൊടുത്താൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ കഴിയു
3.നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാതയുടെ കായംകുളത്തെ എലിവേറ്റഡ് ഹൈവേ ഡിപ്പോയുടെ എൻട്രി, എക്സിറ്റ് പാതകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം
4. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി ഡിപ്പോ പ്രവർത്തിപ്പിക്കാൻ താത്ക്കാലിക സംവിധാനവും സജ്ജമാകണം. ഡിപ്പോയ്ക്കുള്ളിൽ ബസുകൾ പാർക്ക് ചെയ്യാനും സർവ്വീസ് നടത്താനും പാകത്തിൽ താത്ക്കാലിക സംവിധാനം എവിടെ സജ്ജമാക്കുമെന്ന കാര്യത്തിലും ആർക്കും ഒരുനിശ്ചയവുമില്ല
കാടുപിടിച്ച് കാന്റീൻ കെട്ടിടം
ഡിപ്പോയ്ക്കൊപ്പം കാന്റീൻ കെട്ടിടവും അപകടത്തിലാണ്. ചുവരുകളാകെ ഈർപ്പമടിച്ച് പാഴ്ച്ചെടികളും പുല്ലും വളർന്ന നിലയിലാണ്. ദീർഘദൂര ബസുകൾ ഉൾപ്പെടെ ഇവിടെയാണ് ആഹാരം കഴിക്കാനായി നിർത്തുന്നത്. കെട്ടിടത്തിന്റെ അപകടഅവസ്ഥയ്ക്ക് പുറമേ കാന്റീനും പരിസരവും വൃത്തിഹീനമാണ്. കാന്റീന് മുന്നിലെ ഓട മലിനജലത്താൽ മൂടികിടക്കുകയാണ്.
.............................
കെട്ടിടം പൊളിച്ചുനീക്കാൻ ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും കരാറെടുത്തിട്ടില്ല. പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി ഡിപ്പോ പ്രവർത്തനത്തിന് താൽക്കാലിക സംവിധാനം സജ്ജമാക്കേണ്ടതുമുണ്ട്. എത്രയും വേഗം കെട്ടിടം പൊളിച്ചുനീക്കാനാണ് തീരുമാനം
- സ്റ്റേഷൻ മാസ്റ്റർ, കായംകുളം
.........................
കായംകുളം ഡിപ്പോ
ഷെഡ്യൂൾ: 45
പ്രതിദിന വരുമാനം: ₹7.5 ലക്ഷം
ജീവനക്കാർ: 217