
മുഹമ്മ : ലോകത്തിന്റെ നാനാഭാഗങ്ങളിൽ കാണപ്പെടുന്ന പഴങ്ങൾ ഒരു കുടക്കീഴിൽ കായ്ച്ചു നിൽക്കുന്നത് കാണണമെങ്കിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ പൊൻവേലി മഠത്തിലേക്ക് വന്നാൽ മതി. 50സെന്റ് പുരയിടത്തിലെ ചൊരിമണലിൽ വിവിധങ്ങളായ ഫലവർഗങ്ങളും വ്യത്യസ്ത മരങ്ങളും നട്ടുവളർത്തിയിരിക്കുകയാണ് കേശവൻ പോറ്റിയെന്ന കിഷോർകുമാർ. ശാന്തിക്കാരനാണെങ്കിലും അമ്പലത്തിലെ പൂജ കഴിഞ്ഞുള്ള സമയം മുഴുവൻ കൃഷിക്കായി മാറ്റി വയ്ക്കുന്നു ഈ 46കാരൻ.
കുടുംബം പരമ്പരാഗത കൃഷിക്കാരാണെങ്കിലും 2007മുതൽ പ്രമുഖ പരിസ്ഥിതിപ്രവർത്തകനായ കെ.വി.ദയാലിന്റെ ജൈവകൃഷി ക്ളാസുകളിൽ പങ്കെടുത്തതിനു ശേഷമാണ് കിഷോർ കുമാറിൽ ജൈവകൃഷിയുടെ നല്ല പാഠങ്ങൾ മുളപൊട്ടിയത്.
എം ജി സർവകലാശാലയുടെ ആറ് മാസത്തെ ക്ളാസിനും പോയിട്ടുണ്ട്.
പാൽപ്പഴം, വെണ്ണപ്പഴം, ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ചാമ്പ, പീനട്ട്, ലിച്ചി, സാന്തോൾ,പുലോസാൻ, മുള്ളാത്ത,കിളിഞാവൽ തുടങ്ങിയ പഴവർഗങ്ങൾ കിഷോറിന്റെ തോട്ടത്തിലുണ്ട്. കടമ്പ, ഇരുപ്പ,ഓരില, മൂവില, വളളിപ്പാല, ഗന്ധപ്പാല, ഉങ്ങ്,വേങ്ങ,ഗണപതിനാരകം, മക്കോട്ടദേവ,നാഗലിംഗം തുടങ്ങിയവയും പൊൻവേലി മഠത്തിന് ഹരിതകാന്തി പകരുന്നു. തെങ്ങും വാഴയും പച്ചക്കറികളും കിഴങ്ങുവർഗകൃഷികളും വെറെയും. ഒട്ടുതൈകൾ കൃഷിക്കായി കിഷോർകുമാർ ഉപയോഗിക്കാറില്ല.
പറമ്പിലെ കൈത്തോടും കുളവും സംരക്ഷിച്ചു വരുന്നു. ജപ്പാൻ കുടിവെള്ള കണക്‌ഷൻ ഉണ്ടെങ്കിലും കിണറ്റിലെ വെള്ളമാണ് പാചകത്തിനും കുളിക്കുന്നതിനും ഉപയോഗിക്കുന്നത്. പക്ഷികൾക്ക് കുളിക്കാനും കുടിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധയിനം പൂച്ചെടികൾ ഉള്ളതുകൊണ്ട് പറമ്പ് നിറയെ പൂമ്പാറ്റകളും പാറി നടക്കുന്നു.
കൃഷിക്ക് ചാണകവും കോഴിവളവും വേണ്ട
കൃഷിയ്ക്ക് ചാണകവും കോഴിവളവും ആവശ്യമില്ലെന്നാണ് കിഷോർകുമാറിന്റെ പക്ഷം. കരിയിലയും ചപ്പുചവറുകളും മറ്റും പുതയിടുകയും വെള്ളം നനച്ചുകൊടുക്കുകയുമാണ് ഇവിടുത്തെ രീതി. രണ്ടുവർഷങ്ങൾക്ക് മുമ്പ് 35000 പൈനാപ്പിൾ കൃഷി ചെയ്തിരുന്നു.അതുമുഴുവനായും ഒരു റിസോർട്ടുകാർ വാങ്ങി. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെസമ്മിശ്ര കർഷകനുള്ള അവാർഡ് മൂന്നു തവണ ലഭിച്ചിട്ടുണ്ട്. കൂടാതെ സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ അവാർഡ്, അഗ്രിഹോർട്ടികൾച്ചർ അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മണ്ണഞ്ചേരി ഞാണ്ടിരിക്കൽ ക്ഷേത്രം, മഹാരാഷ്ട്രയിലെ നാഗ്പൂർ ക്ഷേത്രം എന്നിവിടങ്ങളിലെ ശാന്തിയാണ് കിഷോർ കുമാർ. ഭാര്യ ശ്രീജ കിഷോർ തിരുവാതിര അദ്ധ്യാപികയാണ്. തയ്യൽ ജോലികളും ചെയ്യുന്നു. ഇടയ്ക്ക കലാകാരനാണ് മകൻ കൃഷ്ണദേവ് കെ.പോറ്റി. മകൾ സരസ്വതി അന്തർജ്ജനം നർത്തകിയും. കിഷോറിനും മക്കൾക്കും കിട്ടിയ മെമന്റോകളും സർട്ടിഫിക്കറ്റുകളും വീട്ടിലെ അലമാരിയിൽ നിറഞ്ഞിരിക്കുകയാണ്.