കൊല്ലം: നാടക കാഴ്ച്ചകൾ ആവേശക്കൊടുമ്പിരി കൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായൊരു വില്ലനെത്തി, മഴ. പുറത്തെ വെള്ളക്കെട്ട് പ്രോപ്പർട്ടി നീക്കം തടസ്സപ്പെടുത്തിയപ്പോൾ നാടകം പുനരാരംഭിക്കാൻ വൈകിയത് ഒന്നേകാൽ മണിക്കൂർ. കാത്തിരുന്ന മടുത്ത കാണികൾ ഒടുവിൽ സദസ്സിൽ ആട്ടവും പാട്ടവുമായി പ്രതിഷേധിച്ചു.
നാടക പ്രേമികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ സദസിന് മുന്നിലായിരുന്നു ഹൈസ്കൂൾ വിഭാഗം നാടകമത്സരം.ഒന്നിനൊന്ന് മികച്ച നാടകങ്ങൾ. വേറിട്ട വിഷയങ്ങൾ. സമകാലീന രാഷ്ട്രീയത്തെ മുതൽ വിദ്യാഭ്യാസ സമ്പ്രദായത്തെ വരെ വിമർശനവിധേയമാക്കി കടന്നുപോയ സംഭാഷണങ്ങൾ. കുട്ടിത്താരങ്ങളുടെ മിന്നുന്ന പ്രകടനത്തിന് മുന്നിൽ കാണികൾ ഉറക്കെ കൈയടിച്ചു. പൊട്ടിച്ചിരിച്ചു. രാവിലെ 9.30ന് മത്സരം ആരംഭിക്കും മുമ്പ് തന്നെ നാടക വേദിയായ കൊല്ലം സോപാനം ഓഡിറ്റാറിയം പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. കുട്ടികൾ മുതൽ നാടക - ചലച്ചിത്ര താരങ്ങൾ വരെ നീളുന്ന കാഴ്ച്ചക്കാരെത്തിയിരുന്നു. സാംസ്ക്കാരിക രംഗത്തെ പലർക്കും കൂടിക്കാഴ്ച്ചയ്ക്കുള്ള വേദി കൂടിയായി മാറുകയായിരുന്നു ഇവിടം. ചില നാടകങ്ങളും സ്കൂൾ അദ്ധ്യാപകർ കെ.ഇ.ആർ ചട്ടത്തിനുള്ളിൽ ചിട്ടപ്പെടുത്തുന്നതിനാൽ തിയേറ്റർ പരീക്ഷണങ്ങൾ അന്യമായി നിന്നു. തെരുവു ജീവിതവും, രാഷ്ട്രീയവും, പ്രണയവും, ഭക്ഷണവും എല്ലാം വിഷയങ്ങളായെത്തിയിരുന്നു.