
മുഹമ്മ: പാതിരപ്പള്ളി ലെവൽ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി , കേന്ദ്ര റെയിൽവേ മന്ത്രി, മുഖ്യമന്ത്രി, എം.പി എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. ചെട്ടികാട് ആശുപത്രിയിലേയ്ക്ക് രോഗികളുമായി വരികയും പോകുകയും ചെയ്യുന്ന ആംബുലൻസുകൾ ഉൾപ്പെടെ ഈ ലെവൽ ക്രോസിൽ ഏറെനേരം നിർത്തിയിടേണ്ടതായി വരുന്നുണ്ട്. ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന ചെട്ടികാട് ആശുപത്രി പ്രദേശവാസികൾ ഏറ്റവും ആശ്രയിക്കുന്ന ഒന്നാണ്. ലെവൽ ക്രോസിലെ കാത്തുനില്പ് അത്യാസന്ന നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നവരുടെ ജീവന് തന്നെ ഭീഷണിയാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽപറയുന്നു. പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷനായി.