dfg

മുഹമ്മ: പഞ്ചായത്ത് ഏഴാം വാർഡ് നികർത്തിൽ വി.എം.സുരേഷിന്റെ പശു കുഴഞ്ഞ് വീണ് ചത്തു. പശുവിനെ കറക്കാൻ രാവിലെ ചെന്നപ്പോൾ പെട്ടെന്ന് വിറയലോടെ നിലത്ത് വീഴുകയായിരുന്നു. പശുവളർത്തലും കൃഷിയും മുഖ്യ തൊഴിലാക്കിയ സുരേഷ് വരുമാനം ഇതോടെ നിലച്ചു. മാസങ്ങൾക്ക് മുമ്പ് സുരേഷിന്റെ പോത്തും ഇതുപോലെ ചത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സുരേഷിന്റെ പശു പ്രസവിച്ചത്. അസുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പെട്ടന്ന് ഇങ്ങനെ സംഭവിച്ചതിനുള്ള കാരണം വ്യക്തമല്ല. സമീപ മേഖലകളിലും പശുക്കൾ ഇത്തരത്തിൽ ചത്തതിനാൽ പഠനം ആവശ്യമാണെന്നും മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിച്ചിട്ടുള്ളതായി പഞ്ചായത്തംഗം ജിഷാപ്രദീപ് പറഞ്ഞു. അതേസമയം,​ പശു ചത്ത സംഭവം പരിശോധിച്ച് വരുകയാണെന്ന് മുഹമ്മ മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗിരീഷ് പറഞ്ഞു.