ഹരിപ്പാട് : സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചതിനെ ചൊല്ലിയുള്ള സംഘർഷത്തിൽ വയോധികൻ മരിച്ചത് മർദ്ദനമേറ്റന്ന് സ്ഥിരീകരിച്ചതോടെ പ്രതി അറസ്റ്റിലായി. വീയപുരം കാരിച്ചാൽ തുണ്ടിൽ ജോജൻ വില്ലയിൽ ടി.എം.ജോസഫാണ് (62) മരിച്ചത്. വീയപുരം നന്ദങ്കേരി കോളനിയിൽ ദയാനന്ദനെയാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികൻ മരിച്ചത് മർദനമേറ്റ് നിലത്ത് വീണപ്പോൾ തലക്ക് ക്ഷതമേറ്റാണെന്ന പോസ്റ്റ്മോർട്ടം ചെയ്ത
ഡോക്ടറുടെ പ്രാഥമിക നിഗമനത്തെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ കാരിച്ചാൽ അച്ഛൻ മുക്കിലായിരുന്നു സംഭവം. സിവിൽ സപ്ലൈസ് ഗോഡൗണിൽ ജോലി ചെയ്യുന്ന ദയാനന്ദൻ ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങവെ
ജോസഫിന്റെ സൈക്കിളിൽ ഇടിച്ചു. തുടർന്ന് വാക്കുതർക്കമായി.തുടർന്ന് ദയാനന്ദന്റെ അടിയേറ്റ് ജോസഫ് വീണ് തത്ക്ഷണം മരിക്കുകയും ചെയ്തു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതി റിമാൻഡ് ചെയ്തു.