ആലപ്പുഴ : വലിയ കലവൂരിൽ നിർമ്മാണം പൂർത്തീകരിച്ച, ഹോംകോയുടെ പുതിയ മരുന്ന് ഫാക്ടറിയിൽ ഉത്പാദനം ആറുമാസത്തിനുള്ളിൽ ആരംഭിക്കും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമ്മാണ യൂണിറ്റായ ഹൈഡ്രോക്‌സ് ഡിവിഷനാണ് ഉത്പാദനത്തിന് തയ്യാറായിട്ടുള്ളത്.

ഇവിടെ മരുന്ന് നിർമ്മാണം ആരംഭിക്കുന്നതോടെ ഹോംകോയുടെ പ്രതിവർഷ വിറ്റുവരവ് അഞ്ചുവർഷത്തിനുള്ളിൽ 100കോടിയിൽ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം 36 കോടിയായിരുന്നു വിറ്റുവരവ്. ഈ വർഷം 40കോടിയാണ് ലക്ഷ്യം. വികസനത്തിന്റെ ഭാഗമായി പുതിയകെട്ടിടത്തിൽ ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ശേഷിച്ച നിർമ്മാണജോലികൾ പൂർത്തീകരിക്കാൻ 15കോടി രൂപ വേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയി കാരണം ഓൺഫണ്ട് ഉപയോഗിച്ചാണ് ജോലികൾ നടത്തുന്നത്. പാതിരപ്പള്ളിയിലെ പഴയ പ്ലാന്റ് നിലനിറുത്തിയാണ് പുതിയ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുക. മദർ ടിഞ്ചർ, സിറപ്പ്, ഓയിൻമെന്റ്, ഗുളികകൾ ഉൾപ്പെടെ 150ൽപ്പരം മരുന്നുകൾ കൂടുതലായി ഉത്പാദിപ്പിക്കും. നിലവിൽ150 തൊഴിലാളികളുണ്ട്. പുതിയ പ്ലാന്റ് വരുന്നതോടെ തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും.

കയറ്റുമതിയിൽ കുതിച്ചുചാട്ടം

 മരുന്നുകൾ കയറ്റി അയയ്ക്കാൻ പര്യാപ്തമാകുംവിധം ഉത്പാദനം ഇരട്ടിയാക്കുംവിധത്തിലാണ് ഹോംകോയുടെ പുതിയ പ്ളാന്റ്

 വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഉത്പാദന ശേഷി ഹോംകോയ്ക്ക് ഇപ്പോഴില്ല

 പുതിയ പ്ളാന്റോടെ ഇതിനു പരിഹാരമാകുകയും ഹോമിയോ മരുന്ന് നിർമ്മിക്കുന്ന രാജ്യത്തെ വലിയ സ്ഥാപനമായി മാറുകയും ചെയ്യും

 യൂറോപ്യൻ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കാൻഅനുമതി ലഭിക്കുംവിധം അത്യാധുനിക സൗകര്യത്തോടെയാണ് പ്ളാന്റ് സ്ഥാപിച്ചത്

 വൈറൽ രോഗങ്ങൾക്കും ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകളാകും വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിൽ കൂടുതലും

പുതിയ കെട്ടിടം കലവൂരിൽ

ദേശീയപാതയോരത്തെ രണ്ടേക്കർ സ്ഥലത്ത് 52.8 കോടി ചെലവിൽ നിർമ്മിച്ച ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള നാലുനില കെട്ടിടസമുച്ചയം കഴിഞ്ഞ 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മുൻകൈയ്യെടുത്താണ് പുതിയ പ്ളാന്റ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. കെട്ടിടത്തിൽ ശീതീകരണ ജോലികൾ ഏറ്റെടുത്ത കരാറുകാരൻ ടെണ്ടർ തുക കൂട്ടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് നിരസിച്ചു. തുടർന്ന്, ഈ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരന് നിർമ്മാണച്ചുമതല നൽകി..

156 : പുതിയ പ്ലാന്റ് വരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ

വലിയ കലവൂരിലെ പുതിയ ഫാക്ടറിയുടെ പ്രവർത്തനം ആറുമാസത്തിനുള്ളിൽ ആരംഭിക്കുന്നതോടെ ഹോമിയോ മരുന്ന് ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. കൂടുതൽ പേർക്ക് തൊഴിൽ നൽകുവാനും ഗുണനിലവാരമുള്ള മരുന്ന് കുറഞ്ഞ വിലക്ക് നൽകാനും കഴിയും

- ഹോംകോ അധികൃതർ